KERALAM

സ്വകാര്യ  യൂണിവേഴ്‌സിറ്റി ബിൽ  സഭയിലേക്ക്,​ ധൃതിപിടിച്ച്  പ്രത്യേക മന്ത്രിസഭാ യോഗം  ചേർന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യസർവകലാശാല സ്ഥാപിക്കാൻ ഇന്നലെ പ്രത്യേക മന്ത്രിസഭായോഗം വിളിച്ച് കരട് നിയമനിർമ്മാണബില്ലിന് അംഗീകാരം നൽകി.ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു . സി.പി.ഐയുടെ എതിർപ്പ് ചില നീക്കുപോക്കുകളിലൂടെ മറികടന്നു..കഴിഞ്ഞ രണ്ടു മന്ത്രിസഭാ യോഗങ്ങളിലും ചർച്ചയ്‌ക്കെത്തിയെങ്കിലും തർക്കത്തെതുടർന്ന് തീരുമാനമെടുക്കാൻ കഴിഞ്ഞിരുന്നില്ല.ബിൽ ഗവർണർ അംഗീകരിച്ചാൽ രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിലും യു.ജി.സി നിർദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാൻ കഴിയും.

ഭരണപരമായ കാര്യങ്ങളിൽ സർക്കാറിന് അധികാരം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുൾപ്പെടെ സർക്കാർ പ്രതിനിധികൾ ഭരണസമിതിയിലുണ്ടാകും.

നിയമം ലംഘിച്ചാൽ ആറ് മാസം മുമ്പ് നോട്ടീസ് നൽകി പിരിച്ചുവിടാം. ഭരണപരമോ, സാമ്പത്തികമോ ആയ വിവരങ്ങളും റെക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടായിരിക്കും.

വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ, അനുമതിപത്രം പിൻവലിക്കാം. വ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണത്തിന് സർക്കാറിന് ഉത്തരവിടാം.

#സി.പി.ഐയ്ക്ക് വഴങ്ങി

വിസിറ്റർ ഒഴിവാക്കി

സംവരണം,വിസിറ്റർ പദവിയിലെ സുതാര്യത തുടങ്ങിയ കാര്യങ്ങളിലാണ് സി.പി.ഐ പ്രധാനമായും എതിർപ്പ്അറിയിച്ചത്. മന്ത്രി പി.രാജീവ് സി.പി.ഐ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സമവായമായി. എല്ലാ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസമന്ത്രിയായിരിക്കും വിസിറ്റർ എന്നായിരുന്നു സർക്കാർ നിലപാട്. ഒത്തുതീർപ്പെന്ന നിലയിൽ സ്വകാര്യസർവകലാശാലകളിൽ വിസിറ്റർ പദവി ഒഴിവാക്കും.എസ്.സി.എസ്. ടി സംവരണം ബില്ലിൽ ഉൾപ്പെടുത്തി.

ഫീസിൽ നിയന്ത്രണമില്ല

#ഫീസിലും പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമുണ്ടാകില്ല.അദ്ധ്യാപക നിയമനത്തിൽ ഇടപെടാനാകില്ല.ഓരോ കോഴ്സിനും എസ്.സി.ക്ക്15%, എസ്.ടി.ക്ക് 5% സംവരണവും ഫീസിളവുമുണ്ടാകും.

കേരളത്തിലുള്ളവർക്ക് 40% പ്രത്യേക സംവരണം.

# സ്വകാര്യ സർവകലാശാലകൾക്ക് അപേക്ഷിക്കുമ്പോൾ

25 കോടി കോർപ്പസ് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണം.

മൾട്ടി-കാമ്പസ് യൂണിവേഴ്സിറ്റിയായി ആരംഭിക്കുകയാണെങ്കിൽ ആസ്ഥാന മന്ദിരം കുറഞ്ഞത് 10 ഏക്കറിൽ ആയിരിക്കണം

#വിദ്യാർത്ഥി യൂണിയൻ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സ്വകാര്യ സർവകലാശാലകളിൽ വിദ്യാർഥി യൂണിയനും വിദ്യാർഥി കൗൺസിലുമുണ്ടാകും.തിരഞ്ഞെടുപ്പും നിർദേശിച്ചിട്ടുണ്ട്

# പ്രോവൈസ്ചാൻസലറാണ് സർവകലാശാല സ്റ്റുഡന്റ്സ് കൗൺസിൽ അധ്യക്ഷൻ. മൂന്ന് അദ്ധ്യാപകരും തിരഞ്ഞെടുക്കുന്ന 10 വിദ്യാർഥികളും സ്റ്റുഡന്റ്സ് കൗൺസിലിൽ അംഗമായിരിക്കും.വിദ്യാർഥികളുടെ പരാതി പരിഹാരത്തിന് ദ്വിതല സമിതി.


Source link

Related Articles

Back to top button