KERALAM

കേരള വികസനത്തിൽ കേരളകൗമുദിയുടെ പങ്ക് നിസ്തുലം: മന്ത്രി പി.രാജീവ്

തിരുവനന്തപുരം: കേരളത്തിന്റെ വികസന നിലപാടുകൾക്ക് മാറ്റമുണ്ടാക്കുന്നതിൽ നിസ്തുലമായ പങ്കാണ് കേരളകൗമുദി വഹിച്ചതെന്ന് മന്ത്രി പി.രാജീവ്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നത് അതിന് ഉദാഹരണമാണ്. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തോട് മറ്റ് മാദ്ധ്യമങ്ങൾ മുഖം തിരിച്ചപ്പോൾ മാറിചിന്തിച്ചത് കേരളാകൗമുദി മാത്രമാണെന്നും രാജീവ് പറഞ്ഞു. കേരളകൗമുദി ഹോട്ടൽ ഡിമോറയിൽ സംഘടിപ്പിച്ച തിങ്ക് നെസ്റ്റ് ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം നിക്ഷേപ സൗഹൃദമാണെന്നും നഗര- ഗ്രാമ വ്യത്യാസമില്ലാതെ വ്യവസായ വളർച്ച സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നുമുള്ള ബോദ്ധ്യം നമുക്ക് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും വരെ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് ഒന്നാമതെത്താൻ കഴിഞ്ഞത് ഈ മാറ്റത്തിന്റെ തെളിവാണ്. നമ്മുടെ സാദ്ധ്യതകളും പ്രതിച്ഛായയും നിക്ഷേപകർക്ക് മുമ്പിൽ അവതരിപ്പിക്കാനും കൂടുതൽ നിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കാനും കഴിയുന്നുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സാദ്ധ്യതകൾ കൂടുതൽ വെളിപ്പെടും.

എങ്കിലും ചില നെഗറ്റീവ് ചർച്ചകൾ മാത്രമേ കേരളത്തിൽ നടക്കുന്നുള്ളൂ . 1000 കോടിയുടെ നിക്ഷേപം വന്നാലും വൻകിട സ്ഥാപനങ്ങൾ തുടങ്ങിയാലും ആരും അറിയുന്നില്ല. മാദ്ധ്യമങ്ങൾ അത്തരം വാർത്തകളെ അനുകൂലിക്കുന്നില്ല. അതേസമയം, ഒരു പെട്ടിക്കട അടച്ചുപൂട്ടേണ്ടി വന്നത് ഏത് സാഹചര്യത്തിൽ സംഭവിച്ചതാണെങ്കിലും അത് എല്ലാവരും അറിയുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും. ഇക്കാര്യത്തിൽ വികസനത്തിന് അനുകൂലമായ രീതിയിൽ നിലപാടെടുത്തിട്ടുള്ളത് കേരളാകൗമുദി മാത്രമാണ്. തിരുവനന്തപുരത്തിന്റെ മാത്രം പത്രമെന്ന നിലയിലല്ല, കേരളത്തിന്റെ പത്രമെന്ന നിലയിലാണ് എന്നും നിലകൊണ്ടിട്ടുള്ളതെന്നും മന്ത്രി രാജീവ് പറഞ്ഞു.ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വികസന മുന്നേറ്റത്തിന് എന്നും പിന്തുണ നൽകുന്നത് കേരളകൗമുദി മാത്രമാണെന്നും ,അതിൽ തിരുവനന്തപുരത്തിന് എന്നുമൊരു പ്രത്യേക ഊന്നൽ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് സമ്മിറ്റിൽ സംസ്ഥാനത്തെ വികസന സാദ്ധ്യതകളെക്കുറിച്ച് നിർദ്ദേശങ്ങൾ അവതരിപ്പിച്ച ഡോ.ബിജു രമേശ് (ചെയർമാൻ, കേരള ചേംബർ ഒഫ് കൊമേഴ്സ്), വിഷ്ണു ഭക്തൻ (എം.ഡി, രാജസ്ഥാൻ മാർബിൾസ്), എം.എസ്.സുഹാസ് (എം.ഡി, ഭീമ ജുവല്ലറി), ജ്യോതിസ് ചന്ദ്രൻ (ചെയർമാൻ, ജ്യോതിസ് സെൻട്രൽ സ്കൂൾ), എം.എ.വഹാബ് (ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ), പി.സുഭാഷ് ചന്ദ്രൻ (മാനേജർ, നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസ്), പ്രദീപ് (പ്രസിഡന്റ്, കെ.എസ്.എസ്.ഐ.എ), പി.എൽ.ജോൺ (ജോസ് ആലുക്കാസിന്റെ എം.ഡിയുടെ പ്രതിനിധി) എന്നിവർക്ക് മന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി സ്വാഗതവും കൗമുദി ടിവി ആൻഡ് ഡിജിറ്റൽ ന്യൂസ് ഹെഡ് ലിയോ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.


Source link

Related Articles

Back to top button