ആഭ്യന്തര വകുപ്പിനും നവകേരള സദസിനും രൂക്ഷവിമർശനം

തൃശൂർ: സി.പി.എം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെയും നവകേരള സദസിനെതിരെയും പൊതുചർച്ചയിൽ രൂക്ഷ വിമർശനം. ആഭ്യന്തര വകുപ്പിന് നിയന്ത്രിക്കാനാകാത്ത വിധത്തിലേക്ക് പൊലീസ് മാറിയെന്നാണ് ആക്ഷേപം. ഭരണപക്ഷത്തോടല്ല, സംഘപരിവാറിനോടാണ് സേനയ്ക്ക് പ്രിയമെന്നും ആരോപണമുയർന്നു. പൊലീസിനെ പേപ്പട്ടിയെപ്പോലെ അഴിച്ചുവിട്ടിരിക്കുകയാണ്. പാർട്ടിക്കോ സർക്കാരിനോ പൊലീസിന് മേൽ നിയന്ത്രണമില്ല.
നവകേരള സദസ് കൊണ്ട് പാർട്ടിക്ക് നേട്ടമുണ്ടായില്ല. സാധാരണ പ്രവർത്തകർക്ക് നാണക്കേടാണ് ഉണ്ടായതെന്നായിരുന്നു പ്രതിനിധികളുടെ ആക്ഷേപം. നവ കേരളസദസിൽ പരാതി കൊടുത്താൽ നേരിട്ട് പരിഹാരമെന്ന് പറഞ്ഞ് നാട്ടുകാരെ വിളിച്ചു കൊണ്ടുവന്ന വാർഡ് മെമ്പർക്കും പാർട്ടി പ്രവർത്തകർക്കും റോഡിലിറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗം മൂലം ജനപ്രതിനിധികൾക്ക് പോലും അവരെ സമീപിക്കാനാവുന്നില്ല. മാദ്ധ്യമങ്ങൾക്ക് പാർട്ടി വാർത്തകൾ ചോർത്തി നൽകുന്നതിനെതിരെയും ചർച്ചയുണ്ടായി. ഇത് പരിശോധിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണം തടയണമെന്നും കേന്ദ്രനിയമത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നും വിമർശനമുയർന്നു.
ചില ലോക്കൽ കമ്മിറ്റി തിരഞ്ഞെടുപ്പുകളിൽ സാമുദായിക പ്രാതിനിദ്ധ്യം പാലിച്ചില്ലെന്ന പരാതിയും പ്രതിനിധികൾക്കുണ്ട്. മാള അന്നമനട ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ എൽ.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ സാമുദായിക പ്രാതിനിദ്ധ്യം അട്ടിമറിച്ചതിൽ പരസ്യമായി പ്രതിഷേധിച്ച് മുതിർന്ന അംഗങ്ങളിൽ ഒരാൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. മുന്നാക്ക വിഭാഗത്തിലെ പാർട്ടി അംഗങ്ങൾ നാമമാത്രമാണെങ്കിലും അർഹിക്കുന്നതിലേറെ പ്രാധാന്യം അവർക്ക് ലഭിച്ചെന്നായിരുന്നു ആക്ഷേപം.
സി.പി.എം തൂശൂർ ജില്ലാ
സെക്രട്ടറി തിര.ഇന്ന്
സി.പി.എം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കാനിക്കെ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആൾ വരുമോയെന്ന ചർച്ച സജീവം. നിലവിൽ എം.എം.വർഗീസ് തത്കാലം മാറിയേക്കില്ലെന്നാണ് വിവരമെങ്കിലും സെക്രട്ടേറിയേറ്റിൽ പുതുമുഖങ്ങൾ വന്നേക്കാം.
യു.പി.ജോസഫ്, കെ.വി.അബ്ദുൾ ഖാദർ എന്നിവർ സംസ്ഥാന കമ്മിറ്റിയിലേക്ക് പോകാനാണ് സാദ്ധ്യത. ഇതിൽ ഒരു വനിതയെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം വന്നാൽ നിലവിൽ സെക്രട്ടറിയേറ്റിലുള്ള കെ.വി.നഫീസയെ തിരഞ്ഞെടുത്തേക്കും. അങ്ങനെ വന്നാൽ കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന കെ.ആർ.വിജയയെയോ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിനെയോ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയേക്കും.
ജില്ലാ കമ്മിറ്റിയിലേക്ക് പുതിയ അംഗങ്ങൾ വന്നേക്കുമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് പുതിയ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുപ്പ് . വൈകിട്ട് ചെറുവത്തൂർ മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുക. മൂന്ന് ദിവസത്തെ സമ്മേളത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Source link