ജുമാനയുടെ പരാതിയിൽ അനന്തുകൃഷ്ണൻ കുടുങ്ങി

കൊച്ചി: മൂവാറ്റുപുഴ പൊലീസിന്റെ ജാഗ്രതയോടെയുള്ള നീക്കമാണ് പകുതിവില തട്ടിപ്പിൽ മുഖ്യപ്രതി അനന്തുകൃഷ്ണൻ അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശി ജുമാന നാസർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ ചുരുളഴിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദറിപ്പോർട്ട് മൂവാറ്റുപുഴ പൊലീസിനോട് ആവശ്യപ്പെട്ടു. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ പി.സി.ജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നു.
ജുമാനയ്ക്ക് പണം നഷ്ടപ്പെട്ടിരുന്നില്ല. പൊതുതാത്പര്യം എന്ന നിലയിൽ പകുതിവില പദ്ധതിയുടെ സുതാര്യത അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അന്വേഷണത്തിനിടെ മൂവാറ്റുപുഴ പൊലീസ് അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിന്റെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എറണാകുളം ശാഖയിലെ മൂന്നരകോടിയുടെ കറന്റ് അക്കൗണ്ട് മരവിപ്പിച്ചു. ഇതിലേക്ക് പണം വരുന്നതും തടഞ്ഞു. മൂവാറ്റുപുഴ നഗരസഭാ കൗൺസിലർ പ്രമീള ഗിരീഷ് കുമാറിന്റെ പരാതിയിലാണ് അനന്തുകൃഷ്ണനെ അറസ്റ്റ് ചെയ്തത്. അതോടെ പരാതി പ്രവാഹമായി.
‘രണ്ടു മാസംകൊണ്ട് 10
കോടി വരുമായിരുന്നു’
”രണ്ട് മാസംകൊണ്ട് എന്റെ അക്കൗണ്ടിൽ 10 കോടിയെങ്കിലും വരുമായിരുന്നു. നിങ്ങളുടെ ഇടപെടലാണ് അതിന് തടസമായത്. അത് മുന്നിൽ കണ്ടാണ് രണ്ട് സ്ഥലം വാങ്ങാൻ ടോക്കൺ അഡ്വാൻസ് നൽകിയത്”- കസ്റ്റഡിയിൽ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ കൂസലന്യേ മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിനോട് അനന്തുകൃഷ്ണൻ പറഞ്ഞതിങ്ങനെ.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ”എന്നായാലും പിടിക്കപ്പെടും. ജുമാനയുടെ പരാതി ഇല്ലായിരുന്നെങ്കിൽ ഇത്ര നേരത്തെ ആകില്ലായിരുന്നു’ എന്നും ഭാവഭേദമില്ലാതെ അനന്തുകൃഷ്ണൻ പറഞ്ഞു.
Source link