പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്; ലക്ഷ്യം 2026 നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ ∙ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറുമായി നടനും തമിഴക െവട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് കൂടിക്കാഴ്ച നടത്തി. വിജയ്‌യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രണ്ടര മണിക്കൂറോളം നീണ്ട യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങൾ ചർച്ച ചെയ്തതായാണു സൂചന. വിജയ് പാർട്ടി രൂപീകരിച്ചതിനു പിന്നാലെ കൂടിക്കാഴ്ചയ്ക്ക് പ്രശാന്ത് കിഷോർ സമയം ചോദിച്ചിരുന്നു. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കാനാണു നടന്റെ തീരുമാനം. ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി പാർട്ടികളുമായി സഖ്യമില്ലെന്നും വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റു പാർട്ടികളുമായി യോജിച്ചു പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പുതിയ ഭാരവാഹികളുടെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ അതൃപ്തിയുണ്ട്.
Source link