KERALAM

കയർ ബോർഡിൽ തൊഴിൽ പീഡനം; പരാതി നൽകിയ ഉദ്യോഗസ്ഥ മരിച്ചു, കുടുംബം ഹൈക്കോടതിയിലേക്ക്

കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി നൽകിയ ഉദ്യോഗസ്ഥ മരിച്ചു. സെറിബ്രൽ ഹെമറേജ് ബാധിച്ച് ചികിത്സയിലായിരുന്ന സെക്ഷൻ ഓഫീസർ ജോളി മധുവാണ് (56) മരിച്ചത്. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. കയർ ബോർഡ് ചെയർമാൻ അടക്കമുളളവരുടെ തൊഴിൽ പീ‌‌ഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി രോഗബാധിതയായതെന്നാണ് കുടുംബം ആരോപിക്കുന്നത്.

വിധവയും കാൻസർ അതിജീവിതയുമെന്ന പരിഗണന പോലും നൽകാതെ ജോളിയെ ആറു മാസം മുൻപ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. രോഗാവസ്ഥ വ്യക്തമാക്കുന്ന രേഖകൾ പോലും പരിഗണിച്ചില്ല. ശമ്പളം തടഞ്ഞുവച്ചു. സമ്മർദ്ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രൽ ഹെമറേജ് ബാധിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഓഫീസിലെ തൊഴിൽ പീഡനത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തുകളയച്ചിരുന്നു. ഈ കത്തുകൾ അയച്ചതിന്റെ പേരിൽ ഓഫീസിൽ നിന്ന് ജോളിക്ക് നേരെ പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ടെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

ജോളിയുടെ സഹോദരനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനെ തുടർന്ന് മേലുദ്യോഗസ്ഥൻമാർ ജോളിയെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഒരു ഫയലിൽ ഒപ്പിടാൻ അവർ ആവശ്യപ്പെട്ടിരുന്നു. ജോളി അത് ചെയ്തില്ല. അതിനും ഒരുപാട് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. ചെയർമാന്റെ മുൻപിൽ പോയി പരസ്യമായി മാപ്പ് പറയാനും ജോളിയോട് ആവശ്യപ്പെട്ടു. അത് സമ്മതിക്കാതെ വന്നതോടെയാണ് ജോളിയെ ആന്ധ്രാപ്രദേശിലെ ഒരു കുഗ്രാമത്തിലേക്ക് സ്ഥലം മാ​റ്റിയത്. ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം’- സഹോദരൻ പറഞ്ഞു.


Source link

Related Articles

Back to top button