KERALAM

വസ്തു അളക്കുന്നതിന് 3000 രൂപ കൈക്കൂലി; താലൂക്ക് സർവ്വേയർ വിജിലൻസ് പിടിയിൽ

കൊല്ലം: കൊല്ലം താലൂക്ക് സർവ്വേയറായ അനിൽ കുമാർ, വസ്തു അളന്ന് തിരിക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി. കൊല്ലം അഞ്ചൽ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ കൊല്ലം മുളവനയിലുള്ള രണ്ടര സെന്റ് വസ്തു അളന്ന് തിരിക്കുന്നതിന് കഴിഞ്ഞ വർഷം ഡിസംബർ മാസം കൊല്ലം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വസ്തു അളക്കുന്നതിന് താലൂക്ക് സർവ്വേയറായ അനിൽ കുമാറിനെ പല പ്രാവശ്യം നേരിൽ കണ്ടിട്ടും വസ്തു അളക്കാൻ കൂട്ടാക്കിയില്ല.

ഇക്കഴിഞ്ഞമാസം 15ാം തീയതി സർവ്വേയറെ വീണ്ടും നേരിൽ കണ്ടപ്പോൾ 3,000 രൂപ കൈക്കൂലി നൽകിയാൽ വസ്തു അളക്കാൻ വരാമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവെ ഇന്ന് ഇന്ന് രാവിലെ 11:30 മണിയോടുകൂടി വസ്തു അളന്ന ശേഷം അവിടെ വച്ചു തന്നെ പരാതിക്കാനിൽ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം താലൂക്ക് സർവ്വേയറായ അനിൽ കുമാറിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.


Source link

Related Articles

Back to top button