INDIALATEST NEWS

‘സുഹൃത്ത് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷ’: ഫ്രാൻസ്, യുഎസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി


ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ച വളരെയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഉന്നമനത്തിനായി ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി എക്സിൽ കുറിച്ചു. വിദേശ സന്ദർശനത്തിനു മുന്നോടിയായാണ് മോദി എക്സിൽ കുറിപ്പ് പങ്കുവച്ചത്. ഫ്രാൻസ്, യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇന്ന് യാത്ര തിരിക്കും. ‘‘എന്റെ സുഹൃത്ത്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഞാൻ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രപരമായ വിജയത്തിനും ജനുവരിയിൽ നടന്ന സ്ഥാനാരോഹണത്തിനും ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണ് ഇത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹവുമായി ചേർന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ നയതന്ത്ര പങ്കാളിത്തം കെട്ടിപ്പടുക്കാൻ കഴിഞ്ഞത് ഏറെ ഊഷ്മളമായ അനുഭവമായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ഗുണമേന്മനയ്ക്കും നല്ല ഭാവിക്കുമായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.’’– മോദി എക്സിൽ കുറിച്ചു. ഫെബ്രുവരി 10 മുതൽ 12 വരെ ഫ്രാൻസിലാകും മോദി. പാരീസിൽ, ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ആക്ഷൻ ഉച്ചകോടിയിൽ ഇന്ത്യ സഹഅധ്യക്ഷത വഹിക്കുന്നുണ്ട്. ഇന്ത്യ–ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തുമെന്നും മോദി അറിയിച്ചു. തുടർന്ന് ഫ്രാൻസിലെ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് മാർസെയിൽ ഉദ്ഘാടനം ചെയ്യും. അതിനുശേഷമാകും യുഎസിലേക്ക് യാത്ര തിരിക്കുക.


Source link

Related Articles

Back to top button