14 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യം നിഷേധിക്കപ്പെടുന്നു; സെൻസസ് ഉടൻ വേണം: സോണിയ ഗാന്ധി

ന്യൂഡൽഹി∙ രാജ്യത്ത് 14 കോടി ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി എത്രയും പെട്ടെന്ന് സെൻസസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യസഭയിലെ ശൂന്യവേളയിൽ സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴും 2011ലെ സെൻസസിലെ വിവരങ്ങൾ വച്ചാണ് നാഷനൽ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ (എൻഎഫ്എസ്എ) ഗുണഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സോണിയ പറഞ്ഞു.‘‘രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ഭക്ഷ്യ – പോഷകാഹാര സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2013 സെപ്റ്റംബറിൽ യുപിഎ സർക്കാരാണ് പദ്ധതി നടപ്പാക്കിയത്. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിൽ ദശലക്ഷക്കണക്കിനു പാവപ്പെട്ട കുടുംബങ്ങളെ പട്ടിണിയിൽനിന്നു സംരക്ഷിക്കുന്നതിൽ പദ്ധതി നിർണായക പങ്കുവഹിച്ചു. ഗുണഭോക്താക്കളെ ഇപ്പോഴും 2011ലെ സെൻസസ് വച്ചാണ് കണ്ടെത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സെൻസസ് നാലുവർഷമായി വൈകുന്നു. 2021ലാണ് നടത്തേണ്ടിയിരുന്നത്. എന്നാൽ ഇനിയത് എന്നു നടത്തുമെന്നതിൽ വ്യക്തതയില്ല. ഭക്ഷ്യസുരക്ഷ പ്രത്യേക ആനുകൂല്യമല്ല, അവകാശമാണ്’’ – സോണിയ പറഞ്ഞു.നിലവിൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരാൾക്ക് മാസം അഞ്ച് കിലോ ഭക്ഷ്യധാന്യം നൽകുന്നുണ്ട്. സെൻസസ് നടപ്പാക്കാത്തതിനാൽ ഏതാണ്ട് 14 കോടി ഗുണഭോക്താക്കളാണ് എൻഎഫ്എസ്എ വഴിയുള്ള അവകാശങ്ങൾ ലഭിക്കാതെ ഇരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Source link