KERALAM

പട്ടിണിയെ മറികടന്ന ബാബുവിന്റെ ചിത്രങ്ങൾ പാരീസിൽ സൂപ്പർഹിറ്ര്

തൃശൂർ: സാമ്പത്തിക പ്രയാസത്തിൽ പഠനം പൂർത്തിയാക്കാനായിരുന്നില്ല കെ.ജി.ബാബുവിന്. എസ്.എസ്.എൽ.സിക്കു ശേഷം ബാനറെഴുതിയും പോസ്റ്റർ വരച്ചും ഹോട്ടലുകളിൽ പാത്രം കഴുകിയുമായിരുന്നു യൗവനം. ഫൈൻ ആർട്‌സ് സ്‌കൂളിലെ പഠനം പോലും പൂർത്തിയാക്കിയില്ല. പക്ഷേ, ലോകപ്രശസ്ത സർവകലാശാലകളിലെ പ്രൊഫസർമാരുടേതിന് ഒപ്പമാണ് ബാബുവിന്റെ ചിത്രങ്ങളും ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.

പിന്നിത്തുടങ്ങിയ സാരിത്തലപ്പ് വെള്ളത്തിൽ മുക്കി മീൻ പിടിക്കുന്ന ഒരമ്മയും അച്ഛനും, മീൻ കുട്ടയിലിടുന്ന മക്കൾ… അട്ടപ്പാടി വനത്തിലെ ഗോത്രവിഭാഗങ്ങളുടെ ഉപജീവനം കെ.ജി.ബാബുവിന്റെ കണ്ണുകളിൽ നിറഞ്ഞു. അന്നന്നത്തേക്കുള്ള മീൻ മാത്രം പിടിച്ചെടുക്കുന്ന ആ ജീവിതത്തിന് ബാബു കാൻവാസിൽ നിറം പകർന്നു. പാരീസിലെ 193 ഗാലറികളിൽ ആയിരങ്ങളാണ് ഈ ചിത്രം കണ്ട് ആസ്വദിക്കുന്നത്, ഫെബ്രുവരി ഒന്നിന് തുടങ്ങി രണ്ട് മാസത്തോളം നീളുന്ന ചിത്രപ്രദർശനത്തിലേക്ക് ബാബുവിന്റെ രണ്ട് ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ലക്ഷങ്ങൾ വിലമതിക്കുന്നതാണ് ഈ ചിത്രങ്ങൾ. ചിത്രപ്രദർശനത്തിലുള്ള ഇന്ത്യയിലെ ഏഴ് ചിത്രകാരന്മാരിൽ ഒരാളാണ് ബാബു.

ഭാര്യ അനിതയും ചിത്രകാരിയാണ്. തൃശൂർ വേലൂപ്പാടം സ്വദേശിയായ ബാബു പെരിങ്ങാവിലാണ് താമസം.

പത്തിലേറെ രാജ്യങ്ങൾ കടന്ന്…

പത്തിലേറെ രാജ്യങ്ങളിൽ ബാബുവിന്റെ ചിത്രപ്രദർശനം നടന്നിട്ടുണ്ട്. കൾച്ചറൽ മിനിസ്ട്രി ഒഫ് ചൈനയുടെ ക്ഷണപ്രകാരം തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യയിലെ അഞ്ച് കലാകാരന്മാരിൽ ഒരാളാണ്. കൊറിയയിലെ ബുസാൻ ആർട്ട് ഫെയറിലും ശ്രദ്ധേയനായി. അമേരിക്കയിലെ ബോക്‌സ്ഹാർട്ട് ഗാലറിയിലെ പ്രദർശനത്തിൽ ലോകത്തിലെ അറുനൂറ് കലാകാരന്മാരിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപത് പേരിലെ മൂന്ന് ഏഷ്യക്കാരിൽ ഒരാളായിരുന്നു. 2014ൽ കേന്ദ്ര ലളിതകലാ അക്കാഡമി അറുപതാം വാർഷികത്തിൽ എം.എഫ്.ഹുസൈൻ, എ.രാമചന്ദ്രൻ തുടങ്ങിയ ഇന്ത്യയിലെ മാസ്റ്റേഴ്‌സിന്റെ ചിത്രങ്ങൾക്കൊപ്പം ബാബുവിന്റെ ‘ശ്യാമ’ യും പ്രദർശിപ്പിച്ചു. സാഹിത്യ അക്കാഡമിയിലെ, മൺമറഞ്ഞ നൂറോളം സാഹിത്യകാരന്മാരുടെ പോർട്രെയിറ്റുകൾ വരച്ചത് ബാബുവാണ്. നാലുവർഷം മുൻപ് ശ്രദ്ധേയമായ ‘നിലാവ് ‘ എന്ന ചിത്രത്തിന് ഇവിടെ വിലയിട്ടത് നാല് ലക്ഷമായിരുന്നു. സ്വീഡനിലെ പ്രദർശനത്തിലെത്തിയപ്പോൾ വില 36 ലക്ഷം. അതിനുശേഷം ബാബു നാട്ടിൽ വാങ്ങിയത് 60 സെന്റ് സ്ഥലം.

”കാടിനോടു ചേർന്നാണ് ജനിച്ചുവളർന്നത്. മനുഷ്യ ജീവിതത്തിന്റെ ലാളിത്യം കാട്ടിൽ ജീവിക്കുന്നവരിൽ നിന്നാണ് കണ്ടറിഞ്ഞത്.

-കെ.ജി.ബാബു


Source link

Related Articles

Back to top button