KERALAM

തേങ്ങ ‘കോക്കനട്ട്’ അല്ല! യു.എസ് ‘അലർജി’ മാറി

ശ്രീഹരി രാമകൃഷ്ണൻ | Monday 10 February, 2025 | 1:17 AM

കൊച്ചി: അലർജിയുണ്ടാക്കുന്ന കായ്‌കളുടെ പട്ടികയിൽ നിന്ന് നാളികേരത്തെ അമേരിക്ക മോചിപ്പിച്ചു! ഇന്ത്യയിൽ നിന്നുള്ള മൂല്യവ‌ർദ്ധിത കേര ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് ഉണർവേകുന്നതാണ് യു.എസ്. തീരുമാനം. തേങ്ങ ഒരു കായ് (നട്ട്) അല്ലെന്നും പഴത്തിന്റെ ഗണത്തിൽപ്പെടുന്ന ഫലം (ഡ്രൂപ്) ആണെന്നുമുള്ള വാദം അമേരിക്ക ഒടുവിൽ അംഗീകരിക്കുകയായിരുന്നു. യു.എസ് ഫെഡറൽ ഫുഡ്, ഡ്രഗ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഇതനുസരിച്ച് ഭേഗഗതി വരുത്തി. ഭക്ഷ്യ അലർജിയിൽ ഏറ്റവുമധികം ഉണ്ടാക്കുന്നത് വൃക്ഷങ്ങളുടെ കായ്‌കളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

‘കോക്കനട്ട്’ എന്ന ഇംഗ്ലീഷ് പേരാണ് തേങ്ങയുടെ തെറ്റായ വർഗീകരണത്തിന് ഇടയാക്കിയത്. അലർജി സാദ്ധ്യത തീരെക്കുറഞ്ഞ ഭക്ഷ്യവസ്തുവാണ് നാളികേരം എന്നാണ് അമേരിക്കയുടെ പുതിയ നിലപാട്. നാളികേര ചേരുവകളുള്ള ഉത്പന്നങ്ങളിൽ ഇതുവരെ അലർജി ഹേതുവെന്ന് രേഖപ്പെടുത്തേണ്ടി വന്നിരുന്നു. പാക്കിംഗും ലേബലിംഗും നടപടിക്രമങ്ങളും ചെലവേറിയ കാര്യമായിരുന്നു.

നിബന്ധനകൾ കാരണം അമേരിക്കയിലെ ഇറക്കുമതിക്കാർ നാളികേര ഉത്പന്നങ്ങൾ സ്വീകരിക്കാൻ മടിച്ചു. ആശുപത്രികളിലും യൂണിവേഴ്സിറ്റി ക്യാമ്പസുകളിലുമുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കാറുമില്ല. കോക്കനട്ട് കോ അലീഷൻ ഒഫ് ദി അമേരിക്കൻസ് എന്ന സംഘടനയടക്കം നടത്തിയ ഇടപെടലുകളെ തുടർന്നാണ് യു.എസിന് തേങ്ങയോടുള്ള ‘അലർജി’ മാറിയത്. ഇന്ത്യയുടെ നാളികേര ഉത്പന്ന കയറ്രുമതി വരുമാനത്തിൽ 11 ശതമാനം മാത്രമാണ് നിലവിൽ അമേരിക്കയുടെ സംഭാവന. പുതിയ സാഹചര്യത്തിൽ കയറ്റുമതി ഗണ്യമായി ഉയരുമെന്നാണ് നാളികേര വികസന ബോർഡിന്റെ വിലയിരുത്തൽ. അമേരിക്കയുടെ തീരുമാനം ഇന്ത്യൻ കോക്കനട്ട് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. രാജ്യത്തെ നാളികേര ഉത്പാദനത്തിന്റെ 30 ശതമാനത്തിലധികം കേരളത്തിലാണ്.

ഇന്ത്യയിൽ നിന്ന് കേര ഉത്പന്നങ്ങളുടെ പ്രതിവർഷ കയറ്റുമതി (രൂപയിൽ) – 3500 കോടി

അമേരിക്കയിലേക്കുള്ള കയറ്റുമതി -50 കോടി


Source link

Related Articles

Back to top button