സി.പി.എം പ്രവർത്തന റിപ്പോർട്ട്: തൃശൂരിൽ ഈഴവ വോട്ടുകൾ ചോർന്നു

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ ഈഴവ വോട്ടുകൾ ചോർന്നതായി സി.പി.എം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. വോട്ടർ പട്ടിക പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി. സി.പി.എം ചേർത്ത വോട്ടുകൾ പോലും സുരേഷ് ഗോപിക്ക് ലഭിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സംഭവിച്ചത് ഗുരുതര തിരിച്ചടിയാണ്. പാർട്ടിയുടെ ന്യൂനപക്ഷ പ്രീണനം മൂലം ഈഴവ വോട്ടുകൾ ബി.ജെ.പിക്ക് അനുകൂലമാകുന്ന സാഹചര്യമുണ്ടായി. റിപ്പോർട്ടിൽ സ്വയം വിമർശനം കൂടുതൽ ,ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകനടത്തെക്കുറിച്ചാണ്. തൃശൂരിൽ ആദ്യമായി ബി.ജെ.പി. ജയിച്ചതിന്റെ കാരണങ്ങളിലൊന്ന് എൽ.ഡി.എഫിന്റെ വോട്ടുബാങ്കിലുണ്ടായ ചോർച്ചയാണെന്നും തുറന്നു പറയുന്നു. ബി.ജെ.പി വ്യാപകമായി വോട്ടുകൾ ചോർത്തിയത് പരിശോധിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായി.പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രതക്കുറവുണ്ടായി. ക്രൈസ്തവ ന്യൂനപക്ഷ പ്രീണന സമീപനം എൽ.ഡി.എഫ് സ്വീകരിക്കുന്നുവെന്ന പ്രചാരണം എൻ.ഡി.എക്ക് ഗുണകരമായി. ജില്ലയിലെ ബി.ജെ.പിയുടെ വളർച്ച തടയാനായില്ല.
പാർട്ടി പ്രവർത്തന രീതികളിൽ അടിമുടി മാറ്റം അനിവാര്യമാണ്. ക്രൈസ്തവ മേഖലയിലെ വോട്ടുകൾ വലിയ അളവിൽ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. മോദി ഗ്യാരണ്ടിയെന്ന പ്രചാരണം സ്വാധീനിച്ചു. നവ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും സുരേഷ് ഗോപിക്ക് അനുകൂലമായി. സ്ത്രീവോട്ടർമാരും യുവാക്കളും സുരേഷ്‌ഗോപിക്ക് അനുകൂലമായി നിലപാടെടുത്തു. തൃശൂർ ലോക്‌സഭ സീറ്റിലെ തദ്ദേശ സ്ഥാപനങ്ങളിൽ ചാവക്കാട് നഗരസഭയിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡെന്നും ജില്ലാ സെക്രട്ടറി എം.എം.വർഗീസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
Source link