‘ബിജെപി പോലും കേജ്രിവാളിനെതിരെ ഉന്നയിക്കാത്ത ആരോപണങ്ങൾ രാഹുൽ ഗാന്ധി നടത്തി’

ന്യൂഡൽഹി ∙ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരുമിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഡൽഹിയിൽ ഫലം വ്യത്യസ്തമാകുമായിരുന്നുവെന്ന വിലയിരുത്തലുമായി ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ. രണ്ടായി നിന്ന് ബിജെപിക്കെതിരെ മത്സരിച്ചതിന് ഇരു പാർട്ടികളെയും സഖ്യത്തിലെ മറ്റു പാർട്ടികൾ വിമർശിച്ചെങ്കിലും കോൺഗ്രസിനാണു കൂടുതൽ പഴി. ഡൽഹിയിൽ പതിനഞ്ചോളം മണ്ഡലങ്ങളിൽ കോൺഗ്രസ് പിടിച്ച വോട്ടുകൾ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ തോൽവിക്കു കാരണമായെന്നാണു വിമർശനം. അരവിന്ദ് കേജ്രിവാളിനെതിരായ ജനവിധിയെന്നു മാത്രമായി ചുരുക്കി കാണാനുള്ള കോൺഗ്രസ് ശ്രമത്തെയും മറ്റു പാർട്ടികൾ വിമർശിച്ചു. ഹരിയാന, മഹാരാഷ്ട്ര പരാജയങ്ങൾക്കു ശേഷം ഡൽഹി കൂടി കൈവിട്ടതു മുന്നണിയിലെ പ്രതിസന്ധി രൂക്ഷമാക്കി. സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്നു വ്യക്തമാക്കുന്നതാണു നേതാക്കളുടെ തുറന്ന പ്രതികരണങ്ങൾ. ഇന്ത്യാസഖ്യം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബിജെപി ആഗ്രഹിച്ച അവസ്ഥയിലേക്കു ഡൽഹിയെ കോൺഗ്രസും എഎപിയും എത്തിച്ചെന്നും ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. ‘ഇനിയും തമ്മിലടിക്കൂ’ എന്ന് കടുപ്പിച്ചാണു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല അതൃപ്തി വ്യക്തമാക്കിയത്.ബിജെപി പോലും കേജ്രിവാളിനെതിരെ ഉന്നയിക്കാത്ത ആരോപണങ്ങൾ രാഹുൽ ഗാന്ധി നടത്തിയെന്നും ബിജെപിയും കോൺഗ്രസും ഒരേ ഭാഷയിൽ സംസാരിച്ചതു തെറ്റായ സന്ദേശം നൽകിയെന്നും സമാജ്വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് പറഞ്ഞു. കേജ്രിവാളിനെ ദേശദ്രോഹിയെന്നു പോലും കോൺഗ്രസ് വിളിച്ചെന്നു രാംഗോപാൽ ആരോപിച്ചു. ബിഹാറിൽ ബിജെപിയുടെ വേല വിലപ്പോവില്ലെന്നായിരുന്നു ആർജെഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം.
Source link