ചോരക്കളിക്ക് ഒടുവിൽ ചുവപ്പുകാർഡ്; ഫുട്ബോളിൽ തുടങ്ങി രാഷ്ട്രീയത്തിലും കളിച്ചുകയറിയ ബിരേൻ ഒടുവിൽ പുറത്തേക്ക്

കൊൽക്കത്ത∙ മുഖ്യമന്ത്രിക്കസേര ഒഴിയാതിരിക്കാനുള്ള അവസാന ശ്രമങ്ങളും പരാജപ്പെട്ടതോടെയാണ് മുൻ ഫുട്ബോളറും മാധ്യമപ്രവർത്തകനും ആയ എൻ.ബിരേൻ സിങ് രാജി നൽകിയത്. മണിപ്പുർ കലാപത്തിൽ ബിരേൻ സിങ്ങിന്റെ പങ്ക് സഖ്യകക്ഷികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംരക്ഷിച്ചില്ലായിരുന്നെങ്കിൽ ബിരേൻ കലാപത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പുറത്തുപോകുമായിരുന്നുവെന്ന് കരുതുന്നവർ ബിജെപി നേതൃത്വത്തിലുണ്ട്.ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിളായി തുടക്കം. 1981ൽ ഡ്യൂറൻഡ് കപ്പ് നേടിയ ബിഎസ്എഫ് ഫുട്ബോൾ ടീമിലെ കളിക്കാരനായിരുന്നു. സന്തോഷ് ട്രോഫിയിൽ മണിപ്പുരിനു വേണ്ടിയും കളിച്ചു. 1991ൽ ഇംഫാലിൽ മാധ്യമ പ്രവർത്തകനായി. അഴിമതിക്കെതിരെ ശക്തമായി എഴുതിയ ബിരേൻ സിങ്ങിന് ആരാധകർ ഏറെയായിരുന്നു. ഹറോൽഗി തൗഡാങ് എന്ന മണിപ്പുരി ദിനപത്രത്തിന്റെ എഡിറ്ററായിരിക്കെ വിവാദപ്രസംഗം അച്ചടിച്ചു എന്ന പേരിൽ ജയിലിൽ അടച്ചു. എന്നാൽ അതേ ബിരേൻ സിങ് പിൽക്കാലത്ത് സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിൽ ഒരു മാധ്യമപ്രവർത്തകനെ ജയിലിലടച്ചു. ഡെമോക്രാറ്റിക്ക് റെവല്യുഷനറി പീപ്പിൾസ് പാർട്ടി അംഗമായി 2002ൽ രാഷ്ട്രീയത്തിലിറങ്ങിയ ബിരേന്റെ വളർച്ച വേഗത്തിലായിരുന്നു. ഹെയ്ൻഗാങ് മണ്ഡലത്തിൽ നിന്ന് എംഎൽഎയായി. പിന്നീട് 2007ൽ കോൺഗ്രസിൽ ചേർന്ന് ഒക്രം ഇബോബി സിങ് സർക്കാരിൽ മന്ത്രിയുമായി. 2016ൽ ബിജെപിയിൽ ചേർന്നു. 2017ൽ മണിപ്പുരിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയിൽ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ (എൻപിപി) വൈ.യുമാൻ സിങ് എന്ന മുൻ ഡിജിപി ഹെഡ് കോൺസ്റ്റബിളായിരുന്ന ബിരേൻ സിങ്ങിനു താഴെ ഉപമുഖ്യമന്ത്രിയായി!മണിപ്പുരിൽ മെയ്തെയ്കളും കുക്കികളും തമ്മിലുള്ള വംശീയകലാപം ആരംഭിച്ച ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുടെ വിഭാഗീയ നിലപാടിലെ അപകടം പലരും വിളിച്ചുപറഞ്ഞു. കലാപത്തിൽ മെയ്തെയ്കൾക്കൊപ്പം പ്രത്യക്ഷമായി നിൽക്കുകയായിരുന്നു മുഖ്യമന്ത്രി. 2023 മേയ് 3 ന് മണിപ്പുർ കലാപം ആരംഭിച്ചപ്പോൾ അതിനെ ക്രമസമാധാനപ്രശ്നമായി കണ്ട് അവസാനിപ്പിക്കാൻ ബിരേൻ സിങ് ശ്രമം നടത്തിയില്ല. പൊലീസിന്റെ ആയുധപ്പുര തുറന്ന് അയ്യായിരത്തിലധികം യന്ത്രത്തോക്കുകളും മറ്റുമാണു മെയ്തെയ് വിഭാഗക്കാർ കവർന്നെടുത്തത്. ഇതു മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നുവെന്നാണ് ആരോപണം. കാരണം അക്രമികൾക്കെതിരേ ഒരു ചെറുത്തുനിൽപ്പും പൊലീസ് നടത്തിയില്ല. മണിപ്പുർ പൊലീസ് പ്രത്യക്ഷത്തിൽ കുക്കി വിരുദ്ധസേനയായി മാറി.
Source link