നവീൻ കേസിലെ അഡ്വ.ശ്രീകുമാറിനെതിരെ അട്ടപ്പാടിയിലെ മധുവിന്റെ കുടുംബവും

കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി ഹൈക്കോടതിയിൽ നിലപാടെടുത്ത അഭിഭാഷകൻ എസ്. ശ്രീകുമാറിനെതിരെ അട്ടപ്പാടിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കുടുംബവും. ശ്രീകുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സുപ്രീം കോടതിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാർക്കും ബാർ കൗൺസിലിനും പരാതി അയച്ചു.
മധു കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ കുടുംബത്തിനുവേണ്ടി നേരത്തേ ഹാജരായത് ശ്രീകുമാറാണ്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് അഭിഭാഷകരുടെ പേരുകളും നിർദ്ദേശിച്ചു. എന്നാൽ, കുടുംബം നിർദ്ദേശിച്ച അഭിഭാഷകർക്കു പകരം മറ്റൊരാളെയാണ് അഡ്വ. ശ്രീകുമാർ പിന്തുണച്ചത്. ഈ അഭിഭാഷകനെ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.
കക്ഷിയുടെ താത്പര്യത്തിന് വിരുദ്ധമായാണ് ശ്രീകുമാർ പ്രവർത്തിച്ചത്. അത് നൈതികതയ്ക്ക് എതിരാണെന്നും അതിനാൽ ശ്രീകുമാറിനെതിരേ നടപടി വേണമെന്നുമാണ് ആവശ്യം. രണ്ട് ആരോപണങ്ങളെക്കുറിച്ചും പ്രതികരിക്കാനില്ലെന്ന് അഡ്വ. എസ്. ശ്രീകുമാർ ‘കേരളകൗമുദി”യോട് പറഞ്ഞു.
ഹൈക്കോടതിയിൽ നേരിട്ട് പരാതി സമർപ്പിക്കാൻ മധുവിന്റെ സഹോദരി സരസു ഉൾപ്പെടെ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. കോടതി അവധിയായതിനാൽ ഇ-മെയിലിലാണ് പരാതി നൽകിയതെന്ന് ‘മധു നീതി സംരക്ഷണ സമിതി” പ്രവർത്തകർ പറഞ്ഞു. അഡ്വ. ശ്രീകുമാറിനെ നവീൻ ബാബു കേസിന്റെ വക്കാലത്തിൽ നിന്ന് മാറ്റുമെന്ന് നവീനിന്റെ കുടുംബം അറിയിച്ചിരുന്നു.
ഞങ്ങൾ അറിയാതെയാണ് അഡ്വ. ശ്രീകുമാർ മറ്റൊരു വക്കീലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കാൻ പിന്തുണ നൽകിയത്. അന്നേ പരാതി നൽകണമെന്ന് പലരും പറഞ്ഞതാണ്. എന്നാൽ ദൈവം ചോദിച്ചുകൊള്ളും എന്നായിരുന്നു അമ്മയുടെ നിലപാട്. ഇപ്പോൾ നവീൻ ബാബുവിന്റെ കുടുംബത്തിനും ചതി പറ്റിയെന്നറിഞ്ഞാണ് ഞങ്ങളും പരാതിയുമായി എത്തിയത്.
– സരസു (മധുവിന്റെ സഹോദരി).
Source link