KERALAM

വയനാട്ടിൽ വീണ്ടും കടുവ ഭീതി, കമ്പിപ്പാലത്ത് കണ്ടെത്തിയത് കടുവയുടെ കാൽപ്പാടുകൾ

വയനാട്: തലപ്പുഴ കമ്പിപ്പാലത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പിനെ വിമർശിച്ച് നാട്ടുകാർ. ഈ പ്രദേശങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം മുൻപ് ഉണ്ടായിട്ടും വനംവകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്പിപ്പാലത്തെ പല സ്ഥലങ്ങളിലായി കടുവയെ കണ്ടിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇന്നലെ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും കടുവയുടെ കാൽപ്പാടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറയും കടുവയെ പിടികൂടാനുളള കൂടും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആദ്യം നിരീക്ഷണ ക്യാമറ സ്ഥാപിച്ച് കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതിനുശേഷം മാത്രമേ കൂട് സ്ഥാപിക്കുകയുളളൂവെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മേപ്പാടി, പാടിവയൽ എന്നീ മേഖലകളിൽ പുലിയുടെ സാന്നിദ്ധ്യം ഉളളതായും നാട്ടുകാർ ആരോപിച്ചിരുന്നു. കർഷകരുടെ രണ്ട് ആടുകളെയാണ് പുലി കടിച്ചുകൊന്നത്.

കഴിഞ്ഞ മാസം പഞ്ചാരക്കൊല്ലിയിൽ കടുവ സ്ത്രീയെ കടിച്ച് കൊന്ന സംഭവത്തിനുപിന്നാലെ വനം വകുപ്പിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു നാട്ടുകാർ സംഘടിപ്പിച്ചിരുന്നത്. കടുവയെ എത്രയും വേഗം പിടികൂടണമെന്നും കൊല്ലണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ വനം വകുപ്പ് തിരച്ചിൽ നടത്തുന്നതിനിടയിൽ ചത്തനിലയിൽ നരഭോജി കടുവയെ കണ്ടെത്തുകയായിരുന്നു.


Source link

Related Articles

Back to top button