നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ നടുറോഡിൽ കാട്ടാന, പലർക്കും ചെയ്യാൻ സാധിക്കാത്തത് ചെയ്തുകാണിച്ച് യുവതി

വയനാട്: രാത്രി നടുറോഡിൽ നിന്ന കാട്ടാനയിൽ നിന്ന് സ്‌കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വയനാട് പാടിവയലിൽ വെള്ളിയാഴ്‌ച രാത്രി ഏഴേകാലോടെയായിരുന്നു സംഭവം. വടുവഞ്ചാൽ സ്വദേശി മുർഷിദയാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
മേപ്പാടി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മുർഷിദ നൈറ്റ് ഡ്യൂട്ടിക്കായി ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് കാട്ടാനയെ കണ്ടതെന്ന് യുവതി പറഞ്ഞു. വണ്ടി നിർത്താനോ തിരിച്ചുപോകാനോ കഴിയാത്ത സാഹചര്യമായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് വണ്ടിയെടുത്ത് പോവുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. എങ്ങനെയോ രക്ഷപ്പെടുകയായിരുന്നുവെന്നും മുർഷിദ വ്യക്തമാക്കി. ആന പിന്നാലെ പോകാത്തതും വലിയൊരു അപകടം ഒഴിവാക്കി. ജനവാസ മേഖലയിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്.
അതേസമയം, അതിരപ്പിള്ളിയിൽ വീണ്ടും ആനയിറങ്ങി. മയക്കുവെടിവച്ച് ചികിത്സിച്ച് വിട്ടയച്ച ആനയാണ് വീണ്ടുമിറങ്ങിയത്. ആനയുടെ മുറിവ് പൂർണമായും ഉണങ്ങിയിട്ടില്ലെന്നാണ് സൂചന. ആന അക്രമവാസന കാണിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്. ആനയെ നിരീക്ഷിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Source link