KERALAM

മിനി ഊട്ടി കാണാനെത്തിയ മൂവർ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് അപകടത്തിൽ ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

മലപ്പുറം: മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയായ കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ (16) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അവധി ദിവസമായതിനാൽ മൂവരും ചേർന്ന് ഇരുചക്രവാഹനത്തിൽ മിനി ഊട്ടി കാണാനെത്തിയതായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ മുഫീദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വിനായകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന അഫ്‌ലഹിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

അതിനിടെ കൊല്ലം- തേനി ദേശീയ പാതയിൽ കെ എസ് ആർ ടി സി റിക്കവറി വാഹനമിടിച്ച് യുവാവ് മരിച്ചു. ദേശീയ പാതയിൽ പെണ്ണൂക്കരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കെ എസ് ആർ ടി സിയുടെ റിക്കവറി വാഹനം യുവാവ് സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാവേലിക്കര വെട്ടിയാർ വൃന്ദാവനത്തിൽ സന്ദീപ് സുധാകരൻ (27) ആണ് മരിച്ചത്. ഇലക്‌ട്രീഷ്യനായ സന്ദീപ് ചെങ്ങന്നൂരിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. പമ്പിൽ നിന്ന് പെട്രോൾ അടിച്ചതിനുശേഷം പുറത്തേയ്ക്ക് ഇറങ്ങി ചെങ്ങന്നൂർ ഭാഗത്തേയ്ക്ക് തിരിയുന്നതിനിടെ അതേദിശയിൽ പിന്നിൽ നിന്നുവന്ന റിക്കവറി വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂ‌ട്ടർ പൂർണമായും തകർന്നു.


Source link

Related Articles

Back to top button