KERALAM

എന്തിന് ജയിലിലിട്ട് തടി വയ്പ്പിക്കുന്നു? ‘ഗ്രീഷ്‌മയെ സ്‌പോട്ടിൽ തീർക്കണം’ എന്ന് നടി

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്‌മയെ പോലെയുള്ളവരെ ‘സ്‌പോട്ടിൽ തീർക്കണമെന്ന്’ നടി പ്രിയങ്ക. രാജ്യത്തെ നിയമങ്ങൾ മാറേണ്ടതുണ്ടെന്നും നടി അഭിപ്രായപ്പെട്ടു. സിനിമാ പ്രൊമോഷന്റെ ഭാഗമായി ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

‘ഗ്രീഷ്‌മയെയൊക്കെ സ്‌പോട്ടിൽ കൊല്ലണം എന്നേ ഞാൻ പറയൂ. ആ അമ്മയുടെ മോൻ മരിച്ചില്ലേ, അമ്മ ഇപ്പോഴും ദുഃഖിക്കുകയല്ലേ. ഈ കേസ് എന്തിനാണ് ഇനി വലിച്ചുനീട്ടുന്നത്? ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടി അവൾ തിരിച്ചുവരാനോ? സ്‌‌പോട്ടിൽ ചെയ്യണം. മൂന്ന് വയസായ പെൺകുട്ടിയെ പീഡിപ്പിക്കുന്നയാളെയും സ്‌പോട്ടിൽ കൊല്ലണം. അല്ലാതെ അവരെ ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. ഒരമ്മയ്ക്ക് മകനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ഇങ്ങനെ വിഷം കൊടുത്ത് കൊന്നിട്ടുണ്ടെങ്കിൽ അവരെയൊക്കെ ആ സ്‌പോട്ടിൽ തീർക്കാതെ മാസങ്ങളോളം കൊണ്ട് പോകുന്നത് എന്തിനാണ്? നിയമം മാറണ്ടേ? മാറ്റണം’- എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

അതേസമയം, ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളത്.

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ എം ബഷീറാണ് വധശിക്ഷ വിധിച്ചത്. ഗ്രീഷ്‌മയുടെ അമ്മാവൻ നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവും രണ്ട്‌ ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്. 2022 ഒക്ടോബർ 14നാണ് പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയത്. ചികിത്സയിലിരിക്കെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ഷാരോൺ മരണപ്പെടുകയായിരുന്നു.


Source link

Related Articles

Back to top button