പകുതി വിലയ്ക്ക് സ്കൂട്ടർ ; അനന്തുവിന്റെ ഡയറി കിട്ടി, പങ്കുപറ്റിയവർ പ്രതിയാകും

കൊച്ചി/കോലഞ്ചേരി: പകുതിവില സ്കൂട്ടർ തട്ടിപ്പിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണന്റെ പണമിടപാട് വിവരങ്ങളടങ്ങിയ രണ്ടു ഡയറികൾ പൊലീസ് കണ്ടെടുത്തു. മൂവാറ്റുപുഴ പായിപ്രയിലെ ഇയാളുടെ ഓഫീസിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവ കണ്ടെത്തിയത്. ഇതിൽ തട്ടിപ്പിന്റെ പങ്കുപറ്റിയവരുടെ വിശദാംശം ഉള്ളതായാണ് വിവരം.
കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിൽ പണം നൽകിയവരുടെ പേരുകൾ അനന്തുകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ പരിശോധന പുരോഗമിക്കുകയാണ്.
തട്ടിപ്പു പണംകൊണ്ട് ഇടുക്കിയിലും ഈരാറ്റുപേട്ടയിലും വാങ്ങിയ ആറു സ്ഥലങ്ങളിൽ അനന്തുകൃഷ്ണനെ ഇന്നലെ എത്തിച്ച് തെളിവെടുത്തു. ഈരാറ്റുപേട്ടയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ പ്രതിഷേധവുമായി നാട്ടുകാർ എത്തി. തുടർന്ന് ശങ്കരപ്പിള്ളി, കോളപ്ര, കുടയത്തൂർ എന്നിവിടങ്ങളിലും തെളിവെടുത്തു. കോളപ്രയിൽ രണ്ട് ഇടങ്ങളിലായി അനന്തുകൃഷ്ണൻ ഭൂമി വാങ്ങിയിരുന്നു.
ഇടുക്കിയിൽ ഇയാൾ ബിനാമി പേരുകളിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ആളുകൾ കൂടിയതിനാൽ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് നടന്നില്ല. ഇന്ന് എറണാകുളം പനമ്പള്ളി നഗറിലെയും കളമശേരിയിലെയും ഓഫീസുകളിൽ തെളിവെടുക്കും. അനന്തുകൃഷ്ണന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. വാങ്ങിക്കൂട്ടിയ സ്ഥലങ്ങളുടെ ആധാരങ്ങൾ കസ്റ്റഡിയിലെടുത്ത് ക്രയവിക്രയ സാധുത മരവിപ്പിക്കും. മൂവാറ്രുപുഴയിലെ ഒരു ഓഫീസിലും വീട്ടിലുമായാണ് ആധാരങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്നാണ് അനന്തുകൃഷ്ണന്റെ മൊഴി. ഇന്നത്തെ തെളിവെടുപ്പിൽ ആധാരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
18000 പേർക്ക് മാത്രം
പകുതിവിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 പേരിൽ നിന്നാണ് അനന്തുകൃഷ്ണൻ പണം കൈപ്പറ്റിയത്. ഇതിൽ 18,000 പേർക്ക് മാത്രമേ സ്കൂട്ടർ കൈമാറിയുള്ളൂ. വിവിധ സാധനങ്ങൾ പകുതിവിലയിൽ നൽകാമെന്നു പറഞ്ഞ് 95,000ലധികം ആളുകളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഇന്നലെ 6 കേസ്
പകുതിവില തട്ടിപ്പിൽ ഇന്നലെ എറണാകുളം ജില്ലയിൽ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. പിറവം, കൂത്താട്ടുകുളം, മുളന്തുരുത്തി എന്നിവിടങ്ങളിൽ ഓരോന്നും വടക്കൻ പറവൂരിൽ മൂന്നുമാണ് കേസുകൾ. പറവൂരിൽ ജനസേവാസമിതി ട്രസ്റ്റ് ഭാരവാഹികളെയടക്കമാണ് പ്രതിചേർത്തിരിക്കുന്നത്. ഇവിടെ മാത്രം പരാതി 535ആയി.
പകുതി വില സ്കൂട്ടർ കേസ് ഉടൻ
ക്രൈംബ്രാഞ്ച്ഏറ്റെടുക്കും
തലസ്ഥാനത്തും ആറ് കോടി തട്ടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാതിവിലയ്ക്ക് സ്കൂട്ടറും മറ്റും നൽകാമെന്നു മോഹിപ്പിച്ച് കോടികൾ തട്ടിയവർക്കെതിരായ അന്വേഷണം ഉടൻ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ അതത് ജില്ലകളിലെ ക്രൈംബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏൽപ്പിക്കാനാണ് സാദ്ധ്യത. ഒരേ തരത്തിലുള്ള തട്ടിപ്പുകളാണ് എന്നതിനാൽ എല്ലാ കേസുകളും ഏകോപിപ്പിക്കാനാകും. ഇന്നോ നാളെയോ അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിറങ്ങും.
പകുതി വില തട്ടിപ്പ് തലസ്ഥാനത്തും അരങ്ങേറി. ഏഴ് സന്നദ്ധ സംഘടനകളിൽ നിന്നായി ആറു കോടിയോളം രൂപ തട്ടിച്ചതായാണ് പരാതി.തലസ്ഥാനത്ത് പ്രവർത്തിക്കുന്ന മിത്രം ചാരിറ്റബിൾ സൊസൈറ്റി ട്രസ്റ്റ്,ട്രാവൻകൂർ അഗ്രി ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി,സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റി,കാർഡ് സെക്ടർ,സമന്വയ ട്രസ്റ്റ്,ദീപ്തി ചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകളെ തട്ടിച്ചെന്നാണ് പരാതി. 960 ടൂവീലറുകൾ,200 ലാപ്ടോപ്പുകൾ,28 തയ്യൽ മെഷീനുകൾ എന്നിവയ്ക്കുള്ള തുക സന്നദ്ധ സംഘടനകൾ എൻ.ജി.ഒ കോൺഫെഡറേഷൻ അക്കൗണ്ടിലേക്ക് നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞ സാധനങ്ങൾ എത്തിയില്ലെന്നാണ് ആരോപണം.
സംഘടനകളുടെ സംയുക്ത സമിതി പ്രതിനിധികൾ സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നൽകി. ടൂ വീലറുകൾ ലാപ്ടോപ്പ്,തയ്യൽ മെഷീൻ എന്നിവ പകുതി വിലയ്ക്ക് വാങ്ങി നൽകാമെന്ന് സംഘടനകളെ പറഞ്ഞ് വിശ്വസിപ്പിച്ചു.ആദ്യ ഘട്ടത്തിൽ കുറച്ച് വിതരണം ചെയ്തെങ്കിലും പിന്നീട് മുടങ്ങി.പിന്നീട് സംഘാടകരെപ്പറ്റി അറിവില്ലെന്നും സംഘടനാ പ്രതിനിധികളായ ഷൈനി, ജോസ്,ഹജി കുമാർ എന്നിവർ പറഞ്ഞു.
വിശ്വസിപ്പിച്ചത് ആനന്ദകുമാർ
പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകാനായി ഗുണഭോക്താക്കളെ കണ്ടെത്തി പണം പിരിച്ചു നൽകിയത് ദേശീയ കോൺഫെഡറേഷൻ ചെയർമാനായിരുന്ന കെ.എൻ. ആനന്ദകുമാർ പറഞ്ഞിട്ടാണെന്ന് വിവിധ സന്നദ്ധ സംഘടന ഭാരവാഹികൾ പറഞ്ഞു. 2022 ലാണ് ആനന്ദകുമാറിന്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളുടെ കോൺഫെഡറേഷൻ രൂപീകരിച്ചത്. 175 സംഘടനകൾ ഇതിന്റെ ഭാഗമാണ്. 2023ൽ സംസ്ഥാന ജില്ലാസമിതി യോഗങ്ങളിൽ കെ.എൻ. ആനന്ദകുമാറാണ് അനന്തകൃഷ്ണനെ കോൺഫെഡറേഷൻ ദേശീയ കോഓർഡിനേറ്റർ എന്ന് പരിചയപ്പെടുത്തിയത്. കെ.എൻ. ആനന്ദകുമാർ കോൺഫെഡറേഷൻ ആജീവനാന്ത ചെയർമാനാണെന്ന് ബൈലായിൽ പറയുന്നുണ്ടെന്നും ഏഴ് മാസം മുമ്പ് രാജിവച്ചെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും സന്നദ്ധ സംഘടന ഭാരവാഹികൾ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Source link