ന്യൂഡല്‍ഹി ∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ മുൻനിര നേതാക്കൾ ഉൾപ്പെടെ തോറ്റ് ഭരണം നഷ്ടപ്പെട്ടിട്ടും നൃത്തം ചെയ്ത് മുഖ്യമന്ത്രി അതിഷി. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഭരണം പോയിട്ടും കേജ്‌രിവാളടക്കം പ്രമുഖ നേതാക്കളെല്ലാം തോറ്റിട്ടും എങ്ങനെയാണ് അതിഷിക്ക് നൃത്തം ചെയ്യാനാകുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. അതിഷിക്കെതിരെ രാജ്യസഭാ എംപി സ്വാതി മലിവാളും രംഗത്തെത്തി. നാണക്കേട് എന്നായിരുന്നു അതിഷിക്കെതിരായ സ്വാതി മലിവാളിന്റെ വിമര്‍ശനം. ‘‘എന്തൊരു നാണംകെട്ട പ്രകടനമാണിത് ? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?’’ – സ്വാതി മലിവാൾ എക്സിൽ കുറിച്ചു. 52,154 വോട്ടുകൾ നേടിയാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്. ബിജെപിയുടെ രമേഷ് ബിധുഡിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്.
Source link
ഭരണം പോയി, കേജ്‌രിവാളും തോറ്റു, എന്നിട്ടും; നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി, നാണക്കേടെന്ന് സ്വാതി– വിഡിയോ
