കൈറ്റിന്റെ എ.ഐ എൻജിൻ ഈ വർഷം:മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: കൈറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്രമായ എ.ഐ എൻജിൻ ഈ വർഷം വികസിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ‘ലിറ്റിൽ കൈറ്റ്സ്’ അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഐസിഫോസ് ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗത്തിനും വ്യാജ വാർത്തകളുടെ പ്രചാരണത്തിനുമെതിരായ പ്രവർത്തനങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൈറ്റിന്റെ നേതൃത്വത്തിൽ ഹൈസ്‌ക്കൂളുകളിൽ 29000 റോബോട്ടിക് കിറ്റുകൾ വിന്യസിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, ഐസിഫോസ് ഡയറക്ടർ ടി.ടി.സുനിൽ എന്നിവർ പങ്കെടുത്തു. 14 ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ തയാറാക്കിയ റോബോട്ടിക് ഉത്പന്നങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടക്കും. 123 കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും.
ബഡ്ജറ്റിൽ 100കോടി,സ്വാഗതം ചെയ്ത് കെ ഫോൺ
തിരുവനന്തപുരം:ബഡ്ജറ്റിൽ 100കോടി അനുവദിച്ചത് മുന്നോട്ടുള്ള പ്രവർത്തനത്തിന് പ്രചോദനമാകുമെന്ന് കെ ഫോൺ എം.ഡി ഡോ.സന്തോഷ് ബാബു.
നെറ്റ്വർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്.
സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉറപ്പുനൽകുന്ന കെഫോൺ പദ്ധതി കൂടുതൽ ഫലപ്രദമാക്കുന്നതിനും അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിനും ഇതിലൂടെ സാധിക്കും.
നിലവിൽ 24080 സർക്കാർ ഓഫീസ് കണക്ഷനുകളും 49773 വാണിജ്യ, 5236 ബി.പി.എൽ, 65 ഐ.എൽ.എൽ, 255 എസ്.എം.ഇ കണക്ഷനുമുൾപ്പടെ 79409 കണക്ഷനുകളാണ് കെഫോൺ പദ്ധതി വഴി നൽകിയിരിക്കുന്നത്. 2025 മാർച്ചോടെ ഒരു ലക്ഷം കണക്ഷനുകൾ പൂർത്തീകരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും ഡോ. സന്തോഷ് ബാബു കൂട്ടിച്ചേർത്തു.
ഗുരുധർമ്മ പ്രചാരണസഭ നേതൃസമ്മേളനം ഇന്ന്
ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെ ജില്ലാ - മണ്ഡലം പ്രവർത്തകരുടെ സംയുക്ത നേതൃത്വ സമ്മേളനം ഇന്ന് ശിവഗിരി മഠത്തിൽ ചേരും. രാവിലെ 9 ന് ധർമ്മ പ്രചാരക പരിശീലകരുടെ തിരഞ്ഞെടുപ്പും 10ന് കേന്ദ്ര എക്സിക്യൂട്ടീവ് യോഗവും 11ന് ജില്ലാ-മണ്ഡലം നേതൃത്വ സമ്മേളനവും നടക്കും.
Source link