കിഫ്ബി ടോൾ: ഇടതു മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് ഗോവിന്ദൻ

തിരുവനന്തപുരം:കിഫ്ബി റോഡുകളിലെ ടോൾ വിഷയം എൽ.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചർച്ച ചെയ്തിരുന്നുവെന്ന എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെ ഗോവിന്ദൻ തള്ളി. ടോളിനോട് പൊതുവേ യോജിപ്പില്ല. ടോളിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.കിഫ്ബി വഴി 90,000കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. കടം വീട്ടിത്തീർക്കാൻ കൃത്യമായ പദ്ധതികൾ വേണ്ടിവരും.ധാരണയും വിശദമായ ചർച്ചയും രണ്ടാണ്.
എലപ്പുള്ളിയിലെ നിർദിഷ്ട മദ്യനിർമ്മാണശാലയുമായി മുന്നോട്ടുതന്നെ. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. നിറുത്തിവയ്ക്കേണ്ട കാര്യമില്ല.ആ വിഷയത്തിൽ ചർച്ച നടത്തി മുന്നോട്ടു പോകും. ഒയാസിസ് കമ്പനി നൽകിയ ഭൂമി തരംമാറ്റൽ അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത് സി.പി.ഐയുടെ ഇടപെടലായി കാണുന്നില്ല. ചെറിയ സ്ഥലത്തെപ്പറ്റിയാണ് പ്രശ്നം. അത് നാലേക്കറിൽ അധികം വരില്ല. അതൊക്കെ ഇടതുസർക്കാരിന് ചർച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. റവന്യൂ ഉദ്യോഗസ്ഥരെടുത്ത നിലപാട് സി.പി.ഐയുടെ എതിർപ്പായി കാണേണ്ടതില്ല. ആർ.ജെ.ഡിയും ആരു പറയുന്നതുമല്ല സർക്കാർ തീരുമാനമെടുത്തു.
.ബ്രൂവറിക്ക് തടസ്സമായ എന്തെങ്കിലും ഘടകങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
സി.പി.എം തൃശൂർ ജില്ലാ
സമ്മേളനത്തിന്
ഇന്ന് തുടക്കം
തൃശൂർ: സി.പി.എം ജില്ലാ തൃശൂർ സമ്മേളനത്തിന് ഇന്ന് കുന്നംകുളത്ത് തുടക്കം. രാവിലെ പത്തിന് പ്രതിനിധി സമ്മേളനം കുന്നംകുളം ടൗൺ ഹാളിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, എ.കെ.ബാലൻ, ഡോ.ടി.എം.തോമസ് ഐസക്, കെ.കെ.ശൈലജ, എളമരം കരീം, പി.സതീദേവി, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.സ്വരാജ്, ഡോ.പി.കെ.ബിജു, പുത്തലത്ത് ദിനേശൻ എന്നിവരും പങ്കെടുക്കും. 11ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റെഡ് വോളണ്ടിയർ മാർച്ചുമുണ്ടാകും.
ഇന്നലെ കൊടിമര - ദീപശിഖ - പതാക ജാഥകൾ കുന്നംകുളത്ത് സംഗമിച്ചു. തുടർന്ന് പൊതുസമ്മേളന വേദിയായ ചെറുവത്തൂർ മൈതാനത്തെത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിൽ 42 ജില്ലാ കമ്മിറ്റി അംഗങ്ങളുൾപ്പെടെ 434 പേർ പങ്കെടുക്കും.
ബഡ്ജറ്റ് അവഗണനയ്ക്കെതിരെ സി.പി.എം പ്രതിഷേധ ജാഥ
തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ 19 മുതൽ 23 വരെ ഏരിയാ അടിസ്ഥാനത്തിൽ ജാഥകൾ നടത്തുമെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25ന് ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും. കേരളത്തെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കാൻ കൂട്ടാക്കാത്ത കേന്ദ്രസർക്കാരിന്റെ കണ്ണുതുറപ്പിക്കുന്ന രീതിയിൽ പ്രക്ഷോഭം സംഘടിപ്പിച്ച് കേരളവികാരം ഉണർത്താനാണ് ലക്ഷ്യമിടുന്നത്.ഡൽഹിയിൽ ബി.ജെ.പി ജയിക്കാൻ കാരണം എ.എ.പിയെ തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചതുകൊണ്ടാണ്. കോൺഗ്രസിന്റെ നിലപാട് ഇന്ത്യ മുന്നണിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹരിയാനയിലും ഇതാണുണ്ടായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Source link