പ്രണയദിനത്തിൽ രാഷ്ട്രീയ അരങ്ങേറ്റം, അഴിമതി വിരുദ്ധ സമരത്തിൽ ‘അണ്ണന്റെ തമ്പി’; കേജ്‌രിവാളിന് ഇനി കഠിന പരീക്ഷയുടെ കാലം

ന്യൂഡൽഹി ∙ 10 വർഷം മുൻപുള്ള ഒരു പ്രണയദിനം. അഴിമതിക്കെതിരെ ചൂലെടുത്ത അരവിന്ദ് കേജ്‍രിവാൾ ഡൽഹിയെ മനസ്സു നിറഞ്ഞ് പ്രണയിച്ചു തുടങ്ങിയത് അന്നാണ്. രാജ്യതലസ്ഥാനത്ത് അഴിമതിവിരുദ്ധ പ്രതിച്ഛായയുടെ തലപ്പൊക്കവുമായി തുടങ്ങിയ ഭരണം. ഇന്ന് അതേ തലപ്പൊക്കത്തിന് ജനവിധിയുടെ അടിയേറ്റ് ആം ആദ്മി പാർട്ടി വീണിരിക്കുന്നു. അഴിമതിക്കെതിരെ വാളെടുത്ത നേതാവ് അഴിമതി ആരോപണങ്ങളിൽ മുങ്ങിയതോടെ, ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത പ്രഹരമാണ് എഎപിക്ക് ഡൽഹിയിലുണ്ടായത്. കേജ്‍രിവാളെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിരാശ നിറഞ്ഞ ശനിയാഴ്ച. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ജയിൽ വാസവും അനുഭവിക്കേണ്ടി വന്ന കേജ്‍രിവാളിന് ഇത്തവണ 4089 വോട്ടിന് ബിജെപിയുടെ പർവേഷ് സിങ് വർമയോട് തോറ്റു മടങ്ങേണ്ടി വന്നു. പാർട്ടി അധികാരത്തിലില്ല, എംഎൽഎ സ്ഥാനവുമില്ല. ഇനി അരവിന്ദ് കേജ്‍രിവാളിന് കഠിന പരീക്ഷയുടെ കാലഘട്ടമാണ്. തനിക്കൊപ്പം പാർട്ടിക്കു കരുത്തായി നിന്ന മനീഷ് സിസോദിയയും സത്യേന്ദ്ര ജയിനുമെല്ലാം തോറ്റതോടെ പാർട്ടിയുടെ നിലനിൽപും പ്രതിസന്ധിയിലായി. വലിയ ആഘാതമേറ്റ പാർട്ടിക്ക് ആശ്വാസത്തുരുത്തായത് അതിഷിയുടെ ജയം മാത്രമാണ്.അഴിമതിക്കെതിരെ സമരം, ഷീലാ ദീക്ഷിത്തിനെ തോൽപിച്ച് തുടക്കം‘നിരാഹാര സമരമിരുന്ന അണ്ണയ്ക്ക് കൂട്ടിരുന്നവൻ തമ്പി’– 2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന ലോക്പാൽ പ്രക്ഷോഭത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ അരവിന്ദ് കേജ്‍രിവാൾ അന്നറിയപ്പെട്ടത് ഇങ്ങനെയായിരുന്നു. എന്നാല്‍ അതിനു മുൻപുതന്നെ കേജ്‍രിവാൾ അഴിമതിക്കെതിരായ പോരാട്ടം തുടങ്ങിയിരുന്നു. ആദായനികുതി വിഭാഗം ജോയിന്റ് കമ്മിഷണറായിരിക്കെ ‘പരിവർത്തൻ’ എന്ന സംഘടനയ്ക്കു രൂപം നൽകി. അവധിയെടുത്തതു സംബന്ധിച്ച് മേലധികാരികളുമായുള്ള തർക്കത്തിനൊടുവിൽ ജോലി രാജിവച്ചു. അതായിരുന്നു കേജ്‌രിവാളിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
Source link