കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും വേറെ ലെവലാകും! വരുന്നൂ, പുതിയ സമിതി

തിരുവനന്തപുരം ∙ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളുടെ വികസനത്തിന് മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. നഗര നയ കമ്മിഷന്റെ നിർദേശങ്ങൾ പരിഗണിച്ച് പരിപാടികൾ തയാറാക്കും. സമീപ നഗരസഭകളെയും ആവശ്യമെങ്കിൽ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാകും ഈ സമിതികൾ രൂപീകരിക്കുക. 3 നഗരങ്ങളെയും സാമ്പത്തികവളർച്ചയുടെ ചാലകങ്ങളാക്കി മാറ്റാനുള്ള വികസന ശുപാർശകൾ സമിതികൾ തയാറാക്കി സർക്കാരിനു സമർപ്പിക്കും. 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരമേഖലകൾ എംപിസി രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി നിലവിൽ വന്ന് 30 വർഷം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ചു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കൊച്ചിയിൽ എംപിസി രൂപീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ‘എന്നു വരും എംപിസി’ എന്ന പ്രചാരണ പരമ്പരയ്ക്ക് മലയാള മനോരമ തുടക്കമിട്ടിരുന്നു. അതിനു തുടർച്ചയായി സംഘടിപ്പിച്ച ‘എംപിസി: ദ് വേ ഫോർവേഡ്’ പാനൽ ചർച്ച കൊച്ചിക്കായി എത്രയും വേഗം എംപിസി രൂപീകരിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ചർച്ച ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി.രാജേഷും ആവശ്യത്തോടു യോജിച്ചു.
Source link