KERALAM

കുഞ്ഞ് മരിച്ചത് നാലടി താഴ്ചയുളള കുഴിയിൽ വീണ്, നെടുമ്പാശേരി വിമാനത്താവളത്തിലെ സംഭവത്തിൽ കൂടുതൽ അന്വേഷണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. കുഞ്ഞിന്റെ മരണത്തിന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മാലിന്യക്കുഴി തറന്നിട്ടതിൽ വീഴ്ചവരുത്തിയതടക്കം അന്വേഷിക്കും.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കഴിഞ്ഞ ദിവസം ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുട മകൻ റിതൻ ജാജുവാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. രക്ഷിതാക്കൾ കഫേയ്ക്കുള്ളിലായിരുന്ന സമയത്ത് റിതൻ സഹോദരനൊപ്പം പുറത്തുനിന്ന് കളിക്കുകയായിരുന്നു. പിന്നാലെ ഓടുന്നതിനിടയിൽ മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.

പത്ത് മിനിട്ടോളമാണ് കുട്ടി നാല് അടി താഴ്ചയുളള കുഴിയിൽ കിടന്നത്. തുടർന്ന് കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കൾ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്.ഒടുവിൽ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. കുഴിയിൽ നിന്ന് പുറത്തെടുത്ത കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും സംഭവത്തിൽ വിശദീകരണം നൽകിയും സിയാലിന്റെ ഒരു വാർത്തക്കുറിപ്പ് ഇറങ്ങിയിട്ടുണ്ട്. നടവഴിയിൽ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നുമാണ് സിയാൽ വ്യക്തമാക്കിയിരിക്കുന്നത്. അപകടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സിയാൽ പുറത്ത് വിട്ടിട്ടില്ല.


Source link

Related Articles

Back to top button