‘അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നു’; അരവിന്ദ് കേജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ അരവിന്ദ് കേജ്‌രിവാളിനെതിരെ അഴിമതി വിരുദ്ധ സമര നേതാവ് അണ്ണാ ഹസാരെ. കേജ്‌രിവാളിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നുവെന്നും എഎപി ഭരണം പണത്തിലും അധികാരത്തിലും മുങ്ങിയെന്നും അണ്ണാ ഹസാരെ ആരോപിച്ചു. തന്റെ മുന്നറിയിപ്പുകൾ കേജ്‌രിവാൾ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും ശുദ്ധമായിരിക്കണം. ജീവിതം കുറ്റമറ്റതായിരിക്കണം. ജീവിതം ത്യാഗ പൂർണമായിരിക്കണം. ഇക്കാര്യം ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങളാണ് വോട്ടർമാർക്ക് സ്ഥാനാർഥിയിലുള്ള വിശ്വാസം വളർത്തുന്നത്. ഞാൻ ഇക്കാര്യം കേജ്‌രിവാളിനോട് ഒട്ടേറെ തവണ പറഞ്ഞെങ്കിലും അദ്ദേഹം അത് ശ്രദ്ധിച്ചില്ല, ഒടുവിൽ അദ്ദേഹം മദ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്തുകൊണ്ടാണ് ഈ പ്രശ്നം ഉയർന്നുവന്നത്? പണത്തിന്റെ ശക്തി അദ്ദേഹത്തെ കീഴടക്കി.’’ – അണ്ണാ ഹസാരെ ആരോപിച്ചു.
2022ൽ അണ്ണാ ഹസാരെ കേജ്‌രിവാളിന് തുറന്ന കത്തെഴുതിയിരുന്നു. ‘‘നിങ്ങൾ മുഖ്യമന്ത്രിയായതിനുശേഷം ഇതാദ്യമായാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്, കാരണം നിങ്ങളുടെ സർക്കാരിന്റെ മദ്യനയത്തെക്കുറിച്ചുള്ള സമീപകാലത്തു വന്ന വാർത്തകളിൽ എനിക്ക് വേദനയുണ്ട്. മദ്യം പോലെ, അധികാരവും ലഹരി ഉണ്ടാക്കുന്നു. നിങ്ങൾ അധികാരത്തിന്റെ ലഹരിയിലാണെന്ന് തോന്നുന്നു.’’ – അണ്ണാ ഹസാരെ തന്റെ കത്തിൽ തുറന്നെഴുതി.
English Summary:
Delhi Election Aftermath:Anna Hazare’s criticism of Arvind Kejriwal centers on allegations of alcohol abuse and the corrupting influence of power.
Source link