തുറമുഖ വികസനം, ടൂറിസം , ലൈറ്റ് മെട്രോ; കേരളത്തിലെ അടുത്ത മെട്രോ നഗരമാകുന്നത് ഈ ജില്ല

കോഴിക്കോട്: ആരോഗ്യം, തുറമുഖം, ടൂറിസം, നഗര വികസനം തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ ജില്ലയ്ക്ക് കൂടുതൽ കരുത്തേകും. എന്നാൽ പ്രതീക്ഷയ്ക്കൊത്ത് വൻകിട പദ്ധതികളോ സ്വപ്ന പദ്ധതികളോ ഇല്ല. മെഡി.കോളേജിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് 75 കോടി അനുവദിച്ചത് ആരോഗ്യ മേഖലയിൽ വലിയ നേട്ടമാകും.
കോഴിക്കോട് നഗരത്തിന്റെ വികസനം ലക്ഷ്യമാക്കി മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പാക്കുമെന്ന പ്രഖ്യാപനവും വനംവകുപ്പിന് കീഴിൽ ബയോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ 5 കോടി വകയിരുത്തിയതും ഏറെ പ്രതീക്ഷ നൽകുന്നതാണ്. കോഴിക്കോട് ലെെറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. തുറമുഖവികസനം, തുരങ്കപാത എന്നിവയ്ക്കും തുകയുണ്ട്. ടൂറിസ്റ്റുകൾ എത്തുന്ന വിവിധ തീർത്ഥാടന ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യം വികസനത്തിന് ടൂറിസം വകുപ്പിന് 20 കോടി അധികം അനുവദിച്ചത് ജില്ലയ്ക്കും ഗുണകരമാകും. ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ തളി, കുറ്റിച്ചിറ, വടകര പയങ്കുറ്റി മല, ലോകനാർകാവ്, കൊല്ലം പിഷാരികാവ് എന്നിവിടങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാകും. അതേസമയം ജില്ല വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, ദീർഘദൂര ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് മൊബിലിറ്റി ഹബ്, മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിയിൽ പദ്ധതി, കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിഏറ്റെടുക്കൽ എന്നിവയൊന്നും പരാമർശിക്കപ്പെട്ടില്ല. യുനസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരത്തിന് ബഡ്ജറ്റിൽ പദ്ധതികളൊന്നുമില്ലാത്തത് നിരാശയുണ്ടാക്കുന്നതാണ്. കാർഷിക മേഖലയ്ക്കും പ്രത്യേക പരിഗണനയില്ല.
മെഡി.കോളേജിന് കെെനിറയെ
രക്താതിമർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങി പകർച്ചവ്യാധികളല്ലാത്ത രോഗം ബാധിച്ച നിർദ്ധന രോഗികൾക്ക് റഫറൽ മികച്ച ചികിത്സ സൗകര്യം ഉറപ്പാക്കാൻ പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി മെഡിക്കൽ കോളേജിൽ ആധുനിക കാത്ത് ലാബ് സ്ഥാപിക്കാൻ 45 കോടി അനുവദിച്ചു. ഇത് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകും. മാതൃശിശു സംരക്ഷണ കേന്ദ്രം മെച്ചപ്പെടുത്താൻ 10 കോടിയുമുണ്ട്. മെഡിക്കൽ കോളജ് ഓങ്കോളജി ആൻഡ് ടേർഷ്യറി സെന്ററുകളിൽ ഉപകരണങ്ങൾ വാങ്ങാൻ 20 കോടിയും പാക്കേജിലുണ്ട്.
തുറമുഖ വികസനം
ബേപ്പൂർ തുറമുഖത്ത് ഡ്രെഡ്ജിംഗ് നടത്തുന്നതിന് 60 കോടിയും അധിക വാർഫിന്റെ നിർമ്മാണത്തിനായി 90 കോടി. വെള്ളയിൽ, കൊയിലാണ്ടി ഹാർബറുകളിൽ ഫ്‌ളോട്ടിംഗ് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ സംസ്ഥാനത്തെ മറ്റു ഹാർബറുകൾക്ക് ഉൾപ്പെടെ 115.20 കോടി. പുതിയാപ്പ, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം 2025 മാർച്ചിൽ പൂർത്തിയാക്കും.
ടൂറിസം വളരും
വനംവകുപ്പിന് കീഴിൽ പുതിയ ബയോളജിക്കൽ പാർക്കിനായി 5 കോടി. വന്യജീവി സംരക്ഷണം, ഇക്കോ ടൂറിസം, പരിസ്ഥിതി എന്നിവയെ മുൻനിർത്തിയാണ് പദ്ധതി. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ടൂറിസം സെസ്റ്റിനേഷനായി മലയോരം വളരും. അകലാപുഴ ടൂറിസം വികസനത്തിന് അഞ്ച് കോടിയും കുറ്റ്യാടി ഇറിഗേഷൻ കനാൽ നവീകരണത്തിന് അഞ്ച് കോടിയുമുണ്ട്.
ഗതാഗതം സുഗമമാകും
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ റോഡ് നവീകരണത്തിന് കിഫ്ബി മുഖേന ഫണ്ട് അനുവദിക്കും. 48 പദ്ധതികളാണ് ഉണ്ടാവുക. 5207.43 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ നവീകരണപ്രവൃത്തികൾക്കായി 5 കോടി രൂപയും പഴശ്ശി ജലസേചനപദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലിന്റെയും വിതരണ ശൃംഖലയുടെ നവീകരണത്തിനായി 13 കോടിയും അനുവദിച്ചത് ഗുണമായി.
മറ്റ് നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ
1.കോഴിക്കോട് സർവകലാശാല- 33.80 കോടി.
2.പേരാമ്പ്ര ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ- നാല് കോടി
3. വലിയങ്ങാടി സെൻട്രൽ മാർക്കറ്റ് നവീകരണം- 55.17 കോടി.
4.കള്ളാടി വയനാട് തുരങ്കപാത- 2134.50 കോടി
5.ട്രെക്കിംഗ് പ്രോത്സാഹിപ്പിക്കാൻ പദ്ധതി
6.കോഴിക്കോട് സൈബർ പാർക്ക്- 11.50 കോടി
7.ജെൻഡർ പാർക്ക്- ഒമ്പത് കോടി
Source link