സർക്കാർ ജീവനക്കാരെ അവഗണിച്ച ബഡ്ജറ്റ് :കെ.ജി.ഒ.എഫ്

തിരുവനന്തപുരം: വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന ക്ഷേമപദ്ധതികൾ ഉൾപ്പെടുന്ന പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണെങ്കിലും സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും സംബന്ധിച്ച് നിരാശാജനകമാണ് ബഡ്ജറ്റിലെ ശുപാർശകളെന്ന് കെ.ജി.ഒ.എഫ് പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ ജീവനക്കാർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് ബഡ്ജറ്റ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ഹരികുമാറും ജനറൽ സെക്രട്ടറി ഡോ.വി.എം.ഹാരിസും പ്രസ്താവനയിലൂടെ അറിയിച്ചു.
ഐ.എ.എസ് തലത്തിൽ
അഴിച്ചുപണി
തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.എ.എസ്.ഉദ്യോഗസ്ഥതലത്തിൽ ഇളക്കിപ്രതിഷ്ഠ നടത്തി സർക്കാർ.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് യുവജനക്ഷേമഹവകുപ്പിന്റെയും, തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിക്ക് മൃഗസംരക്ഷണം,മ്യൂസിയം വകുപ്പിന്റേയും അധിക ചുമതല നൽകി.
തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായ ടി.വി.അനുപമയെ ദേവസ്വം റവന്യു വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. സഹകരണ രജിസ്ട്രാർ ഡോ.ഡി.സജിത് ബാബുവിനാണ് ദേവസ്വം റവന്യു വകുപ്പിന്റെ പുതിയ ചുമതല. ഇദ്ദേഹത്തെ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി.ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ബി.അബ്ദുനാസറിനെ നിയമിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ അധിക ചുമതലയും നൽകി. വ്യവസായ വകുപ്പ് ഡയറക്ടർ മീർ മുഹമ്മദ് അലിയെ കൃഷി വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി.ലേബർ കമ്മിഷണറായ സഫ്ന നസറുദീന് ഫിഷറീസ് വകുപ്പ് സെക്രട്ടറിയുടെ ചുമതല നൽകി.
ബി.പി.എൽ സൗജന്യ കുടിവെള്ളം:
അപേക്ഷ 15 വരെ
തിരുവനന്തപുരം: പ്രതിമാസം 15,000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് വാട്ടർ അതോറിട്ടിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. അതോറിട്ടി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. നിലവിലുള്ള ഉപഭോക്താക്കളും പുതുതായി ബി.പി.എൽ ആനുകൂല്യം വേണ്ടവർക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: http://bplapp.kwa.kerala.gov.in
എ.എൻ.രാധാകൃഷ്ണന്
പങ്കില്ല: കെ.സുരേന്ദ്രൻ
കോഴിക്കോട്: പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ ബി.ജെ.പി സംസ്ഥാന വെെസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണനോ പാർട്ടി നേതാക്കൾക്കോ ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. രാധാകൃഷ്ണന്റെ ട്രസ്റ്റുമായി പാർട്ടിക്ക് ബന്ധമില്ല. അദ്ദേഹത്തിന്റെ ട്രസ്റ്റ് ഇംപ്ളിമെന്റിംഗ് ഏജൻസി മാത്രമായിരുന്നു. തട്ടിപ്പിൽ പങ്കില്ലെന്ന അദ്ദേഹത്തിന്റെ വിശദീകരണത്തിൽ വിശ്വാസമുണ്ട്. അതിപ്പോൾ മുഖവിലയ്ക്കെടുക്കുന്നു. അന്വേഷണത്തിൽ ഒരു തരത്തിലും തടസമുണ്ടാക്കില്ല.
നജീബ്കാന്തപുരത്തിനെതിരെ കേസെടുത്തു
മലപ്പുറം: ഓഫർ തട്ടിപ്പിൽ നജീബ് കാന്തപുരം എം.എൽ.എക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് കേസ്. വഞ്ചനാക്കുറ്റത്തിനുള്ള വകുപ്പുകളാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
നജീബ് കാന്തപുരം എം.എൽ.എയും മറ്റൊരു വ്യക്തിയും ചേർന്ന് വിലയുടെ 50 ശതമാനം മാത്രം നൽകിയാൽ ലാപ്ടോപ്പ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. വാട്സാപ്പിലൂടെയും വാർത്താക്കുറിപ്പിലൂടെയും നേരിട്ട് പറഞ്ഞും വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്തംബറിൽ എം.എൽ.എ ഓഫീസിൽ വച്ച് 21,000 രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. 40 ദിവസം കഴിഞ്ഞിട്ടും ലാപ്ടോപ്പ് നൽകിയില്ലെന്നും പണം തിരികെ നൽകിയില്ലെന്നുമാണ് പരാതിയിൽ പറയുന്നു.
എം.ടി പഠനകേന്ദ്രം വരും
തിരുവനന്തപുരം: എം.ടി.വാസുദേവൻ നായരുടെ സ്മരണകൾ നിലനിറുത്തുന്നതിനായി തിരൂർ തുഞ്ചൻപറമ്പിനോട് ചേർന്ന് സ്മാരകം നിർമ്മിക്കും. എം.ടിയുടെ ജീവിതവും കൃതികളും സംഭാവനകളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പഠന കേന്ദ്രത്തിന് ആദ്യഘട്ടമായി 5 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. വൈക്കം സത്യാഗ്രഹത്തിന്റെ ചരിത്രപ്രാധാന്യം വിശദമാക്കുന്ന സ്മാരകം വൈക്കത്ത് സ്ഥാപിക്കുന്നതിന് 5 കോടി രൂപയും വകയിരുത്തി.
പഠന ക്യാമ്പ്
തിരുവനന്തപുരം: കേരള ഗവ.നേഴ്സസ് അസോസിയേഷൻ സംസ്ഥാന -ജില്ലാ ഭാരവാഹികൾക്കായി പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്നും നാളെയും ഇടുക്കി വാഗമൺ ലേബർ ഇന്ത്യ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പ് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികൾ ക്ലാസുകൾ നയിക്കും.
Source link