ബഡ്‌ജറ്റ് പ്രഖ്യാപനത്തിലൂടെ വൻ നേട്ടമുണ്ടാകുന്നത് എട്ടുജില്ലകൾക്ക്, കേരളം ഇതുവരെ കാണാത്ത പദ്ധതികൾ

തിരുവനന്തപുരം: തീരദേശ ഹൈവേയോട് ചേർന്നുള്ള സാമ്പത്തിക മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ സംസ്ഥാന ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതോടെ വികസനകുതിപ്പുണ്ടാകുന്നത് എട്ടുജില്ലകൾക്ക്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ നിന്നാരംഭിച്ച് കാസർകോട് ജില്ലയിലെ തലപ്പാടിവരെ വ്യാപിച്ചുകിടക്കുന്നതാണ് തീരദേശ ഹൈവേ. തീരദേശ ജില്ലകളിലൂടെ മാത്രമാണ് റോഡ് കടന്നുപോകുന്നത്. വിഴിഞ്ഞം, കൊല്ലം , വല്ലാർപാടം എന്നിവയെ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ഹൈവേ കടന്നുപോകുന്ന എട്ട് തീരദേശ ജില്ലകളിൽ കണ്ടെത്തിയിട്ടുള്ള 181ഏക്കർ വിസ്തീർണമുളള 68 ലാൻഡ് പാർസലുകളുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുവരികയാണെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയ ധനമന്ത്രി കെ എൻ ബാലഗോപാൽ അവിടങ്ങളിൽ വരാൻ പോകുന്ന വികസന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. സ്വകാര്യ നിക്ഷേപത്തോടെയായിരിക്കും ഇവ നടപ്പാക്കുക.
തീരദേശ പാതയുടെ ഓരോ 25 കിലോമീറ്റർ ദൂരത്തിലും ഭൂമി ഏറ്റെടുക്കും. ബീച്ച് പ്രോമെനോഡുകൾ, സൈക്ലിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, ഇ വി ചാർജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീ ഫ്യൂവെലിംഗ് സ്റ്റേഷനുകൾ എന്നിവയായിരിക്കും ഇത്തരം ഇടങ്ങളിൽ സ്ഥാപിക്കുക.
എൽ.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ തീരദേശ ഹൈവേ 2019 മാർച്ചിലാണ് നിർമ്മാണം ആരംഭിച്ചത്. 6,500 കോടി രൂപയാണ് നിർമാണച്ചെലവായി കണക്കാക്കുന്നത്. തീരമേഖലയുടെ തൊഴിലും ജീവിത നിലവാരവും ഉയർത്തുക, മത്സ്യബന്ധന വിപണനം ശക്തമാക്കുക, ഉപഭോക്താക്കൾക്ക് സുഗമമായി ഹാർബറുകളിലേക്ക് എത്താൻ അവസരമൊരുക്കുക, ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയാണ് തീരദേശ ഹൈവേയുടെ പ്രധാന ലക്ഷ്യങ്ങൾ.
Source link