KERALAM

‘2024ൽ കേരളത്തിൽ ജനിച്ചത് 3.48 ലക്ഷം കുഞ്ഞുങ്ങൾ’; വിദേശരാജ്യങ്ങളിലെ പ്രവണത കേരളത്തിലും, പ്രവാസം ഒരു കാരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നുവെന്ന് സംസ്ഥാന ബഡ്ജറ്റ്. ഇരുപതുവർഷം മുമ്പ് ഒരുവർഷം ആറുലക്ഷത്തിന് മുകളിൽ കുട്ടികളാണ് ജനിച്ചതെങ്കിൽ കഴിഞ്ഞവർഷം (2024) ജനിച്ചത് വെറും 3.48 ലക്ഷം കുഞ്ഞുങ്ങളാണ്. 2014ൽ 5.34 ലക്ഷം കുഞ്ഞുങ്ങളാണ് സംസ്ഥാനത്ത് ജനിച്ചതെന്നും ബഡ്‌ജറ്റ് റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രസവ നിരക്ക് കുറയുന്നുവെന്ന ആശങ്ക ഉയരുന്നതിനിടെയാണ് സംസ്ഥാനത്തും സമാന സാഹചര്യം ഉണ്ടായിരിക്കുന്നത്. ഘട്ടംഘട്ടമായി ജനനിരക്ക് കുറയുകയായിരുന്നു. വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടുന്നതാണ് ഇതിനൊരു കാരണമായിചൂണ്ടിക്കാണിക്കപ്പെടുന്നത്. കുഞ്ഞുങ്ങളോടുള്ള പുതിയ തലമുറയുടെ വിമുഖതയും ജനനിരക്ക് കുറയാൻ മറ്റൊരു കാരണമായതായി വിദഗ്ദ്ധർ പറയുന്നു. പല വിദേശ രാജ്യങ്ങളിലും യുവതീ യുവാക്കൾക്ക് വിവാഹത്തിനോട് തീരെ താൽപ്പര്യമില്ല. സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽപ്പോലും അവർ വിവാഹത്തിന് തയ്യാറാവുന്നില്ല.

30 വയസിന് താഴെയുള്ളവരിൽ വന്ധ്യതയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവും ഗർഭഛിദ്രം നടത്തുന്നവർ വർദ്ധിച്ചതായും ഡോക്ടർമാർ പറയുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രസവ നിരക്ക് കുറഞ്ഞെന്നാണ് സർക്കാർ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവും കുറവ്. 45ശതമാനം.

18നും 45നും ഇടയിലുള്ളവർ വ്യാപകമായി ജോലിക്കായി വിദേശത്തേക്ക് കുടിയേറുന്നു. അവിടങ്ങളിൽ ഇൻഷ്വറൻസ് പരിരക്ഷ കൂടുതലായതിനാൽ പലരും പ്രസവത്തിനായി നാട്ടിലെത്താറില്ല. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ പലരും ഇവിടെ പ്രസവിക്കുന്നതും സംസ്ഥാനത്തിന്റെ കണക്കിലാണ്. ഇത് 10 ശതമാനത്തോളമാണ്.


Source link

Related Articles

Back to top button