കേരളത്തിൽ അറുപത് കഴിഞ്ഞവർക്ക് ബഡ്‌ജറ്റിൽ അഞ്ച് കോടിയുടെ കിടിലൻ പദ്ധതി

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് വേണ്ടി ആകർഷകമായ ഒരു പദ്ധതി ഇന്ന് അവതരിപ്പിച്ച കേരള ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ ഇന്നിംഗ്സ് എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. പദ്ധതി നടത്തിപ്പിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
മുതിർന്ന പൗരന്മാരുടെ സാമ്പത്തികശേഷിയും അനുഭവ പരിചയവും ഉപയോഗപ്പെടുത്തി പുതു സംരംഭങ്ങളോ വ്യവസായങ്ങളോ ആരംഭിക്കാൻ പ്രോത്സാഹനം നൽകുന്നതാണ് ന്യൂ ഇന്നിംഗ്സ് പദ്ധതി. ലോകത്തെ പ്രമുഖരായ ചില വ്യവസായികൾ വ്യവസായ വാണിജ്യ രംഗത്തേക്ക് കടന്നുവന്നിട്ടുള്ളത് മുതിർന്ന പൗരന്മാരായതിന് ശേഷമാണെന്ന് ധനമന്ത്രിയുടെ ബഡ്‌ജറ്റ് പ്രസംഗത്തിൽ എടുത്തുപറയുന്നു.
മുതിർന്ന പൗരന്മാരെ സാമ്പത്തിക പ്രക്രിയയുടെ ഭാഗമാക്കാനും സാമൂഹികമായി സജീവമാക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഏറ്റവും നീണ്ട ബഡ്‌ജറ്റ് പ്രസംഗമായിരുന്നു ഇന്ന് നടന്നത്. പ്രസംഗം നീണ്ടത് രണ്ടര മണിക്കൂർ. ഇതിനു മുൻപ് നാലു ബഡ്‌ജറ്റുകളാണ് ബാലഗോപാൽ അവതരിപ്പിച്ചത്.
മുൻഗാമികളെ അപേക്ഷിച്ച് കവിതകളോ ഉദ്ദരണികളോ ഇല്ലാതെ കാച്ചിക്കുറുക്കി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ ശൈലി. അതിനാൽ ഒന്നര മണിക്കൂറിനപ്പുറം ബഡ്‌ജറ്റ് പ്രസംഗം നീളുമെന്ന് നിയമസഭാംഗങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ പല ഭാഗങ്ങളും അദ്ദേഹം വായിക്കാതെയും വിട്ടു. ഇതുകൂടി വായിച്ചിരുന്നെങ്കിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്‌ജറ്റ് പ്രസംഗമാകുമായിരുന്നു ഇത്തവണത്തേത്.
Source link