KERALAM

ഷാരോൺ വധം: നിർമ്മലകുമാരൻ നായരുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: പാറശാല ഷാരോൺ വധക്കേസിലെ മൂന്നാംപ്രതി നിർമ്മലകുമാരൻ നായരുടെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നാംപ്രതി ഗ്രീഷ്മയുടെ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിന് നോട്ടീസയച്ചു. ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നടപടി.

തെളിവ് നശിപ്പിക്കലിന് മൂന്നുവർഷത്തെ തടവ് ശിക്ഷയാണ് നിർമ്മലകുമാരൻ നായർക്ക്. കുറഞ്ഞ ശിക്ഷയെന്നത് പരിഗണിച്ച് പ്രതിക്ക് വി​ചാരണകോടതി ജാമ്യം നൽകി. ഇത് ശരിവച്ച ഹൈക്കോടതി പ്രതിയെ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലും വിട്ടയയ്ക്കാമെന്ന് വ്യക്തമാക്കി. അപ്പീലിൽ ഉടനെയൊന്നും അന്തിമവാദം നടക്കാനിടയില്ലാത്ത സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. അപ്പീൽ കേൾക്കുമ്പോഴേക്കും മൂന്നാംപ്രതിയുടെ ശിക്ഷാകാലാവധി അവസാനിക്കാനിടയുണ്ടെന്നും കോടതി വിലയിരുത്തി. ഇതോടെ നിർമ്മലകുമാരന് ജയിൽ മോചിതനാകാം.

നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗ്രീഷ്മയുടെ അപ്പീൽ. തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റിയെന്നാണ് അപ്പീലിലിൽ പറയുന്നത്. ഷാരോണിനെ കൊല്ലണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. വിവാഹത്തിന് ഷാരോൺ തടസമായിരുന്നുവെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ തെറ്റാണെന്നുമാണ് ഗ്രീഷ്മയുടെ വാദം. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ.


Source link

Related Articles

Back to top button