INDIALATEST NEWS

നാടുകടത്തൽ: ഇന്ത്യക്കാരെ വിലങ്ങും ചങ്ങലയുമണിയിച്ച വിഡിയോ യുഎസ് പുറത്തുവിട്ടു; യുഎസ് രീതിയെന്ന് മന്ത്രി ജയശങ്കർ


ന്യൂഡൽഹി ∙ കയ്യിൽ വിലങ്ങ്, കാലിൽ ചങ്ങല; ശുചിമുറിയിൽ പോകാൻപോലും പ്രയാസപ്പെട്ട് വിമാനത്തിൽ 41 മണിക്കൂർ നരകയാത്ര – അനധികൃത കുടിയേറ്റം ആരോപിച്ച് ട്രംപ് ഭരണകൂടം യുഎസിൽനിന്ന് 104 ഇന്ത്യക്കാരെ തിരിച്ചയച്ചതിങ്ങനെ. ഇതു സ്ഥിരീകരിക്കുന്ന വിഡിയോ യുഎസ് ബോർഡർ പട്രോൾ മേധാവി മിഷേൽ ഡബ്ല്യു. ബാങ്ക്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.മനുഷ്യാവകാശലംഘനം ആരോപിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭ സ്തംഭിച്ചു. കൈകളിൽ സ്വയം വിലങ്ങണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിനു മുന്നിൽ പ്രകടനം നടത്തി. അതേസമയം, 2012 മുതൽ യുഎസ് പിന്തുടരുന്ന പ്രവർത്തന മാർഗരേഖയാണിതെന്നാണ് പാർലമെന്റിന്റെ ഇരുസഭകളിലും പ്ര‌സ്താവന നടത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വാദിച്ചത്.ബുധനാഴ്ച ഉച്ചയ്ക്ക് 1.55നാണ് യുഎസ് വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തിയത്. വിലങ്ങിട്ടാണ് ഇവരെ കൊണ്ടുവന്നതെന്ന് ആരോപിച്ച് കോൺഗ്രസ് അന്നുതന്നെ ചിത്രം പുറത്തുവിട്ടിരുന്നു. ഇത് ഇന്ത്യക്കാരുടേതല്ല, ഗ്വാട്ടിമാലക്കാരുടേതാണെന്നു കേന്ദ്ര സർക്കാരിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി. എന്നാൽ, ഇന്ത്യക്കാരോടും ഇതേ സമീപനമാണു സ്വീകരിച്ചതെന്ന് യുഎസ് ബോർഡർ പട്രോൾ മേധാവി പങ്കുവച്ച വിഡിയോയിൽനിന്നു വ്യക്തമായതോടെ കേന്ദ്രം പ്രതിരോധത്തിലായി. 


Source link

Related Articles

Back to top button