KERALAM

പ്രീ പ്രൈമറി: ഓണറേറിയത്തിൽ 15,000 രൂപ വർദ്ധനയ്ക്ക് ഹൈക്കോടതി ഉത്തരവ്

കൊച്ചി: സർക്കാർ സ്‌കൂളുകളിൽ പി.ടി.എ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമാക്കി വർദ്ധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൾ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അദ്ധ്യാപകരുമടക്കം സമർപ്പിച്ച ഒരുകൂട്ടം ഹർജികളിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. ഇതോടെ ഇരുവിഭാഗത്തിനും മാസം 15,000രൂപവീതം കൂടും. വർദ്ധന മാർച്ചിൽത്തന്നെ നടപ്പാക്കി ഏപ്രിൽമുതൽ വിതരണം ചെയ്യണം.
2012 ഓഗസ്റ്റ് ഒന്നിലെ ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് സർക്കാർ ഉടൻ സേവനവ്യവസ്ഥകൾ രൂപീകരിച്ച് മുൻ ഉത്തരവുണ്ടായ 2012 ആഗസ്റ്റ് 1 മുതൽ പുതിയ നിരക്കിൽ കുടിശിക കണക്കാക്കി 6 മാസത്തിനുള്ളിൽ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
സേവന വ്യവസ്ഥകൾക്ക് രൂപം നൽകണമെന്ന ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ മുൻഉത്തരവ് സർക്കാർ നടപ്പാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ സേവനവ്യവസ്ഥ നടപ്പാക്കണമെന്നും വേതനം കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. 2012ൽ അദ്ധ്യാപകർക്കും ആയമാർക്കും യഥാക്രമം 5000 രൂപ, 3500 രൂപ എന്നിങ്ങനെ കോടതി നിശ്ചയിച്ചിരുന്നു. പിന്നീട് സർക്കാർ ഈ തുക പലപ്പോഴായി വർദ്ധിപ്പിച്ച് ഇപ്പോൾ 12,500, 7500 എന്നിങ്ങനെയാണ് കിട്ടുന്നത്. എങ്കിലും ദൈനംദിന ചെലവുകൾ കണക്കാക്കിയാൽ തുക വർദ്ധിപ്പിക്കാതെ തരമില്ലെന്ന് കോടതി വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് അടിത്തറയിടുന്നത് പ്രീ പ്രൈമറി വിദ്യാഭ്യാസമാണെന്നും കോടതി പറഞ്ഞു.
സീനിയർ അഭിഭാഷകരായ എബ്രഹാം വാക്കനാൽ, ജോർജ് പൂന്തോട്ടം തുടങ്ങിയവർ ഹർജിക്കാർക്കുവേണ്ടി ഹാജരായി.


Source link

Related Articles

Back to top button