പാതി വിലയ്‌ക്ക് സ്കൂട്ടർ, ലാപ്ടോപ് തട്ടിപ്പ്; അനന്തു പണം വിദേശത്തേയ്ക്ക് കടത്തി?

ഇടുക്കി: പാതി വിലയ്‌ക്ക് സ്‌കൂട്ടറും തയ്യൽ മെഷീനും ലാപ്ടോപ്പും മറ്റും വാഗ്ദാനം ചെയ്‌ത് ശതകോടികൾ തട്ടിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ (29) തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പൊലീസ് കേസായതോടെ വിദേശത്തേക്ക് കടക്കാൻ പ്രതി ശ്രമിച്ചെന്നും വിവരം ലഭിച്ചിട്ടുണ്ട്.

പ്രതിയും ബന്ധുക്കളും നടത്തിയ വസ്തു ഇടപാടുകളും പൊലീസ് പരിശോധിക്കുകയാണ്. കൂടാതെ കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നും പൊലീസ് വ്യക്തമാക്കി. അന്തു കൃഷ്ണനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുന്നുണ്ട്. ഇടുക്കി തൊടുപുഴയിലാണ് പരാതിക്കാർ ഏറെയും.

അതേസമയം, തട്ടിപ്പിന് അനന്തു രാഷ്ട്രീയബന്ധങ്ങളും മറയാക്കിയെന്നും പൊലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദർശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയിൽ വീഴ്‌ത്തിയത്.

ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്‌ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസന്റ് എന്നിവരുമായും ഇയാൾക്ക് ബന്ധമുണ്ട്.ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

പ്രാഥമിക വിലയിരുത്തലിൽ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടിൽ മാത്രം 400 കോടി എത്തി. ഇതിൽ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.


Source link
Exit mobile version