KERALAM

മന്ത്രിമന്ദിരത്തിൽ വീണ്ടും ഒരു പ്രണയസാഫല്യം,​ മന്ത്രി വി.ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി

തിരുവനന്തപുരം: തലസ്ഥാനത്തെ മന്ത്രിമന്ദിരം വീണ്ടും ഒരു പ്രണയസാഫല്യത്തിന് സാക്ഷിയായി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെയും പി.എസ്.സി മുൻ അംഗം ആർ. പാർവതീദേവിയുടെയും മകൻ പി.ഗോവിന്ദ് ശിവന്റെ വിവാഹമായിരുന്നു ഇന്നലെ. ഇടുക്കി തേനാകര കളപ്പുരയ്ക്കൽ ജോർജിന്റെയും റെജിയുടെയും മകൾ എലീനജോർജാണ് വധു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ ജില്ല രജിസ്ട്രാർ പി.പി. നൈനാൻ എത്തിയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഇരുവരും ഡൽഹിയിൽ പഠിക്കുമ്പോഴാണ് പരസ്പരം കണ്ടുമുട്ടിയത്.

68 വർഷം മുമ്പ്,​ മന്ത്രിമന്ദിരമായ വഴുതക്കാട് സാനഡുവിൽ ഒരു കല്യാണം നടന്നു. പരമ്പരാഗത ചിട്ടവട്ടങ്ങളൊന്നുമില്ലാതെ രക്തഹാരം അണിയിച്ചുള്ള കല്യാണം. മന്ത്രിമാരായിരുന്നു ഇരുവരും. ഗൗരിഅമ്മ താമസിച്ചിരുന്നത് സാനഡുവിൽ. ടി.വി. തോമസ് തൊട്ടടുത്തുള്ള മന്ത്രി മന്ദിരത്തിൽ. വിവാഹത്തിന് താലി എടുത്തുകൊടുത്തത് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട്.

ഇന്നലെ നടന്ന ഗോവിന്ദ് ശിവന്റെ വിവാഹച്ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.പി.എം ജില്ല സെക്രട്ടറി വി.ജോയി എം.എൽ.എ തുടങ്ങിയവരും അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ഉച്ചയ്ക്കുശേഷം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സാമൂഹിക പ്രവർത്തകരുമടക്കം വൻജനാവലി പങ്കെടുത്തു. എല്ലാവരും ചായസൽക്കാരം സ്വീകരിച്ച് വധൂവരന്മാരെ ആശിർവദിച്ചു.

1957ലെ ഇ.എം.എസ് മന്ത്രിസഭയിൽ റവന്യു വകുപ്പ് മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മയും വ്യവസായ -തൊഴിൽ മന്ത്രിയായിരുന്ന ടി.വി തോമസും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. 1957 മെയ് 30 നായിരുന്നു വിവാഹം.


Source link

Related Articles

Back to top button