KERALAM

‘കുട്ടിയെ കൊന്നത് താനല്ല, മാനസികരോഗത്തിന് ചികിത്സ വേണം’; രണ്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ മൊഴിമാറ്റി ഹരികുമാർ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഹരികുമാറിന് മാനസികപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജയിലിൽ കഴിഞ്ഞിരുന്ന ഹരികുമാറിനെ മാനസികരോഗ വിഭാഗത്തിലെ വിദഗ്ദർ പരിശോധിച്ചത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനുശേഷം കോടതിയിൽ റിപ്പോർട്ട് നൽകും.

ഹരികുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് മാനസിക രോഗവിദഗ്ദന്റെ സർട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടത്. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് പ്രതിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാർ മൊഴിമാറ്റി പറയുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജരേഖ ചമയ്ക്കലിനും സാമ്പത്തിക തട്ടിപ്പിനും അറസ്റ്റിലായി അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന കുട്ടിയുടെ അമ്മ ശ്രീതുവിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പരാതിയിൽ ശ്രീതുവിന്റെ അമ്മ ശ്രീകലയെ നെയ്യാറ്റിൻകര, മാരായമുട്ടം എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. ദേവസ്വം ബോ‌ർഡിൽ ഡ്രൈവർ ജോലിയുടെ നിയമന ഉത്തരവ് നൽകി നെല്ലിവിള സ്വദേശി ജെ. ഷിജുവിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇവർ റിമാൻഡിൽ കഴിയുന്നത്.


Source link

Related Articles

Back to top button