ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു, ഭർത്താവിനെതിരെ കേസ്

അഹമ്മദാബാദ്: ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഭർത്താവിനെതിരെ കേസ്. അഹമ്മദാബാദ് സ്വദേശിയായ യുവാവാണ് 21കാരിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് പ്രതി വീഡിയോകൾ പ്രചരിപ്പിച്ചതെന്നാണ് വിവരം.
ഒരു വർഷത്തിന് മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴേ ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു, തർക്കങ്ങൾ പതിവാകുമ്പോൾ യുവതി കുറച്ച് ദിവസം സ്വന്തം വീട്ടിൽ പോയി താമസിക്കുമായിരുന്നു. ഇതിനിടയിൽ തനിക്ക് ചില അലർജി പ്രശ്നങ്ങൾ ഉണ്ടെന്ന് യുവതി ഭർത്താവിനെ വീഡിയോ കോളിലൂടെ അറിയിച്ചിരുന്നു. അതറിഞ്ഞ യുവാവ് ഭാര്യയെ രോഗിയാണെന്ന് പറഞ്ഞ് കളിയാക്കിയതായി പരാതിയിൽ പറയുന്നു. തുടർന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
ഇരുവരും ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടായിരുന്നു ഉപയോഗിച്ചിരുന്നത്. യുവതിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം അശ്ലീല കമന്റുകളും ഭർത്താവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. തുടർന്ന് യുവതി ഗുജറാത്ത് പൊലീസിന് പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
Source link