ക്യാൻസർ പ്രതിരോധം,’ആരോഗ്യം ആനന്ദം’ : ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് നടത്തുന്ന ‘ആരോഗ്യം ആനന്ദം,അകറ്റാം അർബുദം” ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4ന് ടാഗോർ തീയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
ഇന്ന് മുതൽ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 വരെ നടക്കുന്ന ആദ്യഘട്ട ക്യാമ്പയിനിൽ സ്തനാർബുദം, സെർവിക്കൽ ക്യാൻസർ എന്നിവയ്ക്ക് സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി വീണാ ജോർജ് മാസ്കോട്ട് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 855 ആരോഗ്യകേന്ദ്രങ്ങളിൽ ക്യാൻസർ സ്‌ക്രീനിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബി.പി.എൽകാർക്ക് സൗജന്യമായും എ.പി.എൽകാർക്ക് മിതമായ നിരക്കിലും സ്ക്രീനിംഗും ടെസ്റ്റുകളും നടത്താം. സ്വകാര്യആശുപത്രികളും ലാബുകളും സഹകരിക്കും. ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖോബ്രഗഡെ,എൻ.സി.ഡി. സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.ബിപിൻ ഗോപാൽ എന്നിവർ വാർത്താസമ്മേനത്തിൽ പങ്കെടുത്തു.
ക്യാൻസറിനെ ഭയക്കരുത്
നവകേരളം കർമ്മപദ്ധതി ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്റെ ആദ്യഘട്ടത്തിൽ 9 ലക്ഷം പേർക്ക് ക്യാൻസർ സാദ്ധ്യത കണ്ടെത്തിയിരുന്നതായി മന്ത്രി അറിയിച്ചു. ഇതിൽ 1.5 ലക്ഷം മാത്രമാണ് തുടർപരിശോധനയ്ക്ക് സന്നദ്ധരായത്. ക്യാൻസറിനെ ഭയക്കരുതെന്നും നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Source link