26 റഫാൽ യുദ്ധവിമാനത്തിന് ഏപ്രിലിൽ കരാറായേക്കും

ന്യൂഡൽഹി ∙ ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടി 26 റഫാൽ മറീൻ ഫൈറ്ററുകൾ വാങ്ങാനുള്ള കരാറിൽ ഏപ്രിലിൽ ഒപ്പിട്ടേക്കും. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പൂർത്തിയായെന്നും 700 കോടി യൂറോയുടെ (ഏകദേശം 60,200 കോടി രൂപ) കരാർ ഏപ്രിലിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലികോർണുവിന്റെ ഇന്ത്യാസന്ദർശന ഘട്ടത്തിൽ ഒപ്പിടുമെന്നുമാണു പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരം.നിർമിത ബുദ്ധി (എഐ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 10–12 തീയതികളിൽ ഫ്രാൻസ് സന്ദർശിക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ഇതുൾപ്പെടെ ചർച്ച ചെയ്യും. കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഈ ഘട്ടത്തിൽ ഉണ്ടായേക്കും. 26 യുദ്ധവിമാനങ്ങളിൽ 22 എണ്ണം ഒറ്റ സീറ്റും നാലെണ്ണം ഇരട്ട സീറ്റുള്ളതുമാണ്. കരാറിന് അംഗീകാരമായാൽ 37 മാസത്തിനുള്ളിൽ ആദ്യ വിമാനം കൈമാറും.ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ ഉൾപ്പെടെ ഉപയോഗിക്കാനാണു റഫാൽ മറീൻ വാങ്ങുന്നത്. യുഎസ് കമ്പനിയായ ബോയിങ്ങിന്റെ എഫ്ഐ 18 സൂപ്പർ ഹോണറ്റും ഫ്രാൻസിന്റെ ഡാസോ ഏവിയേഷന്റെ റഫാലുമായിരുന്നു അന്തിമ ഘട്ടത്തിൽ പരിഗണിച്ചിരുന്നത്.
Source link