INDIALATEST NEWS

യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന പരാമർശം: അരവിന്ദ് കേജ്‌രിവാളിനെതിരെ കേസ്


ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ആംആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെതിരെ കേസെടുത്തു ഹരിയാന പൊലീസ്. യമുന നദിയിലെ വെള്ളത്തിൽ ഹരിയാന വിഷം കലർത്തുന്നുവെന്ന കേജ്‌രിവാളിന്റെ പരാമർശത്തിലാണു കേസ്. ജഗ്‌മോഹൻ മൻചൻഡ എന്നയാളുടെ പരാതിയിൽ കുരുക്ഷേത്രയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപത്തിന് പ്രേരിപ്പിച്ചു, വിദ്വേഷം പടർത്തി, മനഃപൂർവം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയ കുറ്റങ്ങളാണു കേജ്‌രിവാളിനെതിരെ ചുമത്തിയത്. ഡൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുനയിൽ വിഷം കലർത്തുന്നെന്നായിരുന്നു കേജ്‌രിവാളിന്റെ ആരോപണം. പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കേജ്‌രിവാളിനോട് വിശദീകരണം തേടിയിരുന്നു. ജലശുദ്ധീകരണ പ്ലാന്റുകൾക്കു പൂർണശേഷിയിൽ പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ യമുനയിലെ അമോണിയ അളവ് ഉയർന്നെന്നു ഡൽഹി ജല ബോർഡിനെ ഉദ്ധരിച്ച് കേജ്‌രിവാൾ കമ്മിഷനു നൽകിയ മറുപടിയിൽ പറഞ്ഞു. ‘‘ഹരിയാനയിൽനിന്നും ഉത്തർപ്രദേശിൽനിന്നുമാണു ഡൽഹിക്കു കുടിവെള്ളം കിട്ടുന്നത്. വെള്ളം വളരെ മലിനവും ആരോഗ്യത്തിനു ദോഷമുള്ളതുമാണ്. അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സർക്കാർ വെള്ളത്തിൽ വിഷം കലർത്തുകയാണ്. ഡൽഹി ജല ബോർഡിന്റെ ജാഗ്രത കൊണ്ടാണു തടയാനായതെന്നും അദ്ദേഹം പറഞ്ഞു. പരാമർശത്തെ തുടർന്ന് ഹരിയാന കോടതി കേജ്‌രിവാളിന് സമൻസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. 17ന് മുമ്പ് കോടതിയിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.


Source link

Related Articles

Back to top button