ഓഹരി വിപണിക്ക് വൻ മുന്നേറ്റം; തിളങ്ങി കല്യാൺ ജ്വല്ലേഴ്സും അദാനി പോർട്സും, നിക്ഷേപകർക്ക് നേട്ടം 5.5 ലക്ഷം കോടി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്. ഇന്നത്തെ വ്യാപാരദിനമുടനീളം നേട്ടത്തിന്റേതാക്കാൻ സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞു. ഒരുവേള 1,400 പോയിന്റിലധികം മുന്നേറി 78,480 വരെ എത്തിയ സെൻസെക്സ്, വ്യാപാരാന്ത്യത്തിലുള്ളത് 1,397 പോയിന്റ് (+1.81%) നേട്ടവുമായി 78,583ൽ. നിഫ്റ്റിയും ഒരുഘട്ടത്തിൽ 23,762 വരെ ഉയർന്നെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് 378 പോയിന്റ് (+1.62%) നേട്ടത്തോടെ 23,739ൽ.എൽ ആൻഡ് ടി (+4.28%), ഇൻഡസ്ഇൻഡ് ബാങ്ക് (+3.78%), അദാനി പോർട്സ് (+3.71%), ടാറ്റാ മോട്ടോഴ്സ് (+3.26%), റിലയൻസ് ഇൻഡസ്ട്രീസ് (+3.04%) എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുടെ നേട്ടവും സെൻസെക്സിന് കരുത്തായി. ഐടിസി ഹോട്ടൽസ് (-4.54%), സൊമാറ്റോ (-2.06%), നെസ്‍ലെ (-0.81%), ഹിന്ദുസ്ഥാൻ യൂണിലിവർ (-0.30%), മാരുതി സുസുക്കി (-0.23%) എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖർ.
Source link