എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട, നിങ്ങളോടൊപ്പം ഞാനുമുണ്ട്’; കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് കോളിഫ്ളവർ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം

തിരുവനന്തപുരം: തൈക്കാട് ഗവൺമെന്റ് മോഡൽ എച്ച് എസ് എൽ പി സ്‌കൂളിലെ തോട്ടത്തിൽ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയിൽപ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം താനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികൾ അയച്ച കത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്.
കുട്ടികൾ രാവിലെയും വൈകിട്ടും നനച്ച് വളർത്തിയെടുത്ത 30 കോളിഫ്ളവറുകളാണ് ആരോ കവർന്നത്. ഇന്നലെ വിളവെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. കായ്കകളൊഴിഞ്ഞ ചെടികൾ നോക്കി കുട്ടികൾ കരഞ്ഞു. ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപർ ചുറ്റും നിന്നു. നഴ്സറി മുതൽ നാലാംക്ളാസുവരെയുള്ള കുട്ടികളുടെ പരിശ്രമഫലമായിരുന്നു സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് നഷ്ടമായ 30 കോളിഫ്ലവറുകൾ.
അവർ നട്ടുനനച്ച് വളർത്തുന്ന തോട്ടത്തിൽനിന്ന് സ്കൂൾ ഉച്ചഭക്ഷണത്തിന് എന്തെങ്കിലുമൊരു വിഭവം എന്നുമുണ്ടാകുമെന്ന് അദ്ധ്യാപിക സുനിത ജി.എസ്. പറഞ്ഞു. കൊവിഡിനു ശേഷമാണ് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്ളവർ, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികൾ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും അവർ നനച്ചും പരിപാലിച്ചുമാണ് ഇത്രയുമാക്കിയത്. സ്കൂളിന്റെ പിന്നിലായിരുന്ന പച്ചക്കറിത്തോട്ടം കുട്ടികളുടെ ഉത്സാഹവും പരിപാലനവും കണ്ട് സ്കൂളിന്റെ മുൻവശത്തേക്കു കൂടി വ്യാപിപ്പിച്ചതാണ്. കൃഷിഭവനിൽനിന്ന് കുട്ടികൾക്ക് 120 ചെടിച്ചട്ടികളും കിട്ടിയിരുന്നു. ”കഴിഞ്ഞയാഴ്ചയും അഞ്ച് കോളിഫ്ളവറുകൾ നഷ്ടമായിരുന്നു. പക്ഷേ, ഞങ്ങൾ അതത്ര കാര്യമാക്കിയില്ല.”” ഇന്നലെക്കണ്ട കാഴ്ച കുഞ്ഞുങ്ങൾക്ക് മാത്രമല്ല, തങ്ങൾക്കും വലിയ വേദനയായെന്നും സുനിത ടീച്ചർ പറഞ്ഞു. സ്കൂളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കോർപ്പറേഷന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമറയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, പച്ചക്കറിത്തോട്ടത്തിൽ ഇങ്ങനെയൊരു മോഷണം നടക്കില്ലായിരുന്നു.
Source link