BUSINESS
സ്വർണത്തിന് ട്രംപാവേശം; ചരിത്രത്തിലാദ്യമായി 62,000 രൂപ ഭേദിച്ച് പവൻ, ഒറ്റയടിക്ക് കൂടിയത് 840 രൂപ

ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവില ഇന്നും കത്തിക്കയറി പുതിയ ഉയരത്തിലെത്തി. കേരളത്തിൽ പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ച് വില 62,480 രൂപയായി. ഗ്രാമിന് 105 രൂപ ഉയർന്ന് 7,810 രൂപയും. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 90 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 6,455 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 104 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.3% ജിഎസ്ടിയും ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ചേർത്ത് കുറഞ്ഞ് 67,626 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,453 രൂപയും. അതായത്, 5 പവന്റെ ഒരു താലിമാല വാങ്ങണമെങ്കിൽ പോലും ഉപഭോക്താവ് കൈയിൽ മിനിമം 3.40 ലക്ഷം രൂപയ്ക്കടുത്ത് കരുതണം.
Source link