ഗ്രൗണ്ടിലിറങ്ങി കളിക്കണ്ട, വീട്ടിനുള്ളിൽ സിക്സറടിക്കാം! സ്മാർട്ട് ബാറ്റും ക്രിക്കറ്റ് ഗെയിമുമായി സ്റ്റാർട്ടപ്പ്

തിരുവനന്തപുരം: ഗ്രൗണ്ടിലിറങ്ങണ്ട, ബൗളർമാർ വേണ്ട. മുറിക്കുള്ളിൽ നിന്ന് സ്വന്തം സ്മാർട്ട് ബാറ്റ് വീശി ഫോറടിക്കാം, സിക്സർ പായിക്കാം! ഓൺലൈൻ ക്രിക്കറ്റ് ഗെയിമും, ടിവി/ ലാപ്ടോപ്പ് സ്ക്രീനിന് മുന്നിൽനിന്ന് ബാറ്റ് ചെയ്യാവുന്ന സ്മാർട്ട് ക്രിക്കറ്റ് ബാറ്റും വികസിപ്പിച്ച് പത്തനംതിട്ട സ്വദേശി പ്രിൻസ് തോമസും മൂന്ന് സുഹൃത്തുക്കളും. ഇതിനായി സ്ഥാപിച്ച സ്റ്റാർട്ടപ്പിന്റെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ് 15 കോടി.
സാധാരണ ഓൺലൈൻ ക്രിക്കറ്റ് ഗെയിമിൽ നിന്ന് വ്യത്യസ്തമാണ് ഇവരുടെ ‘മെറ്റാഷോട്ട് ഗെയിം’. ഇത് പൂർണമായും ഓൺലൈൻ അല്ല. ബ്ലൂടൂത്ത് കണക്ട് ചെയ്ത് സ്മാർട്ട് ബാറ്റിലൂടെ കളിക്കാം. ഇതിനായി തെർമോപ്ലാസ്റ്റിക് പോളിമറായ എ.ബി.എസ് കൊണ്ട് നിർമ്മിച്ച ബാറ്റ് സ്വന്തമാക്കണം. പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾസ്റ്രോറിൽ നിന്നും മെറ്റാഷോട്ട് ഗെയിം സൗജന്യമായി ഡൗൺലോഡ് ചെയ്ത് ടിവിയിലോ ലാപ്‌ടോപ്പിലോ തുറക്കാം.
സ്ക്രീനിൽ നിന്ന് ആറടി അകലത്തിൽ ബാറ്റുമായി നിൽക്കണം. ബാറ്റിലെ സ്വിച്ച് അമർത്തുമ്പോൾ സ്ക്രീനുമായി ബ്ലൂടൂത്ത് കണക്ടാകും. ഓൺലൈനിലെ ബോളിന്റെ വേഗതയ്ക്കനുസരിച്ച് ബാറ്റ് വീശാം. മർദ്ദവും കൈചലനങ്ങൾക്കുമനുസരിച്ച് സിക്സും ഫോറും പായിക്കാം. ഇതിന് അല്പം കുറവുവന്നാൽ ഔട്ടാകും. ബാറ്റിലെ സെൻസറുകൾ കൈചലനങ്ങൾ പിടിച്ചെടുത്താണ് പ്രവർത്തനം.
ഒഡിഷ സ്വദേശി രഞ്ജിത്ത് കുമാർ, കൊച്ചി സ്വദേശി അജിത്ത്സണ്ണി, കോഴിക്കോട് സ്വദേശി അരുൺപ്രകാശ് എന്നിവരാണ് സ്റ്റാർട്ടപ്പിലെ മറ്റംഗങ്ങൾ. ആമസോൺ,ഫ്ലിപ്കാർട്ട് എന്നിവയിലൂടെയാണ് സ്മാർട്ട്ബാറ്റ് വില്പന. വില 5000 രൂപ. ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് ആസ്ഥാനത്താണ് നിർമ്മാണം.
തടി ബാറ്റിൽ തുടക്കം
ബി.ടെക്കും എം.ബി.എയും പാസായ പ്രിൻസും മറ്റ് സംഘാംഗങ്ങളും ക്രിക്കറ്റ് പ്രേമികൾ. വിവിധ സ്ഥാപനങ്ങളിൽ പ്രതിവർഷം 60 ലക്ഷം രൂപാവരെ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് പ്രിൻസും അജിത്തും രഞ്ജിത്തും സംരംഭം തുടങ്ങിയത്. 2019ൽ തടികൊണ്ടുള്ള ക്രിക്കറ്റ്ബാറ്റ് നിർമ്മിച്ചാണ് തുടക്കം. കൊവിഡ് കാലത്ത് ബിസിനസ് തളർന്നതോടെ സ്മാർട്ട്ബാറ്റ് നിർമ്മാണത്തിലേക്ക് കടന്നു. സംഘാംഗമായ കോഴിക്കോട്ടെ ഒരു കമ്പനിയിലെ ഗെയിമിംഗ് ഓപ്പറേഷൻസ് ഹെഡ് അരുൺപ്രകാശ് സഹായിച്ചു. 2023ൽ സ്മാർട്ട് ബാറ്റ് പുറത്തിറക്കി. രാജ്യത്തിനകത്തും ദുബായ്,യു.എസ് എന്നിവിടങ്ങളിലും ആവശ്യക്കാർ ഏറെയുണ്ട്.
Source link