INDIALATEST NEWS

മഹാകുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് മരണം: ചർച്ച ആവശ്യപ്പെട്ട് സഭയിൽ ബഹളം


ന്യൂഡൽഹി ∙ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിക്കാനിടയായ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയിൽ ഒരു മണിക്കൂർ ബഹളം നീണ്ടെങ്കിലും സ്പീക്കർ സഭ നിർത്തിയില്ല. ബജറ്റ് അവതരണത്തിനു ശേഷമുള്ള പാർലമെന്റിന്റെ ആദ്യദിനമായിരുന്നു ഇന്നലെ.രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും നന്ദിപ്രമേയ ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കാമെന്നും സ്പീക്കർ ഓം ബിർല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തൃണമൂൽ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായില്ല. ആദ്യം മാറിനിന്ന സമാജ്‍വാദി പാർട്ടി എംപിമാരും പിന്നീടു നടുത്തളത്തിലിറങ്ങി.മേശയിലടിച്ചു പ്രതിഷേധിക്കാൻ ശ്രമിച്ചവർക്ക് സ്പീക്കർ കർശന മുന്നറിയിപ്പു നൽകി. ചോദ്യങ്ങൾ ഉന്നയിക്കാനാണ്, അല്ലാതെ മേശ തകർക്കാനല്ല ജനങ്ങൾ ജനപ്രതിനിധികളെ പാർലമെന്റിലേക്ക് അയയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ മരിക്കാനിടയായ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി ബിജെപി എംപി രവിശങ്കർ പ്രസാദ് പറഞ്ഞു. ‘അന്വേഷണം പൂർത്തിയാകുമ്പോൾ, സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവർ തലകുനിക്കേണ്ടി വരും’– അദ്ദേഹം പറഞ്ഞു.അതിനിടെ, മഹാകുംഭമേളയ്ക്കിടെ ആളുകൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമാർഗരേഖ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി ഇടപെട്ടില്ല. അലഹാബാദ് ഹൈക്കോടതി വിഷയം പരിഗണിക്കുന്നതു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സംഭവം ദൗർഭാഗ്യകരമാണെന്നു നിരീക്ഷിച്ചു. അഭിഭാഷകനായ വിശാൽ തിവാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.


Source link

Related Articles

Back to top button