KERALAM

ഇഷ്ടമില്ലാതിരുന്നിട്ടും നിക്കാഹ് കഴിപ്പിച്ചു; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍, ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു


മലപ്പുറം: നവവധുവായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച നിക്കാഹ് കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത ചടങ്ങാണ് വീട്ടുകാര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഷൈമയുടെ ആണ്‍സുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പിതാവിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് പിതാവ് ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു.

പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് നടന്നത്. മതപരമായ ആചാരങ്ങള്‍ പ്രകാരമായിരുന്നു ചടങ്ങ്. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ പക്ഷേ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

വീടിന് സമീപത്തുള്ള 19കാരനായ ഒരു യുവാവുമായി പെണ്‍കുട്ടി ഇഷ്ടത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് കുട്ടിക്ക് താത്പര്യവുമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. മറ്റൊരാളുമായുള്ള വിവാഹമാണ് വീട്ടുകാര്‍ ഉറപ്പിച്ചത്. 19കാരനായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാളെ മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ ആഗ്രഹിച്ച വിവാഹം നടക്കാത്തതില്‍ പെണ്‍കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നുണ്ടെന്നാണ് വിവരം. വീട്ടുകാരുടേയും അയല്‍ക്കാരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മൊഴി എടുക്കുന്നതിലേക്ക് ഉള്‍പ്പെടെ പൊലീസ് അടുത്ത ദിവസം കടക്കും. ആത്മഹത്യ ചെയ്ത മുറിയും വിശദമായി പരിശോധിക്കും.


Source link

Related Articles

Back to top button