രാഷ്ട്രപതിയെപ്പറ്റി ‘പാവം സ്ത്രീ’ പരാമർശം: സോണിയയ്ക്കെതിരെ അവകാശലംഘന നോട്ടിസുമായി ബിജെപി


ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് നടത്തിയ പരാമർശത്തിൽ സോണിയ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടിസുമായി ബിജെപി. രാഷ്ട്രപതിയെ  ‘പാവം സ്ത്രീ’ എന്നു വിളിച്ചതിനെതിരെയാണ് ബിജെപി രാജ്യസഭ അധ്യക്ഷന് പരാതി നൽകിയത്. സോണിയയുടെ വാക്കുകൾ രാഷ്ട്രപതിയെ ആക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും രാജ്യത്തിന്റെ അത്യുന്നത പദവിയുടെ മഹിമ ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് എംപിമാർ നോട്ടിസിൽ ആരോപിക്കുന്നു. സോണിയയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും രാജ്യസഭ അധ്യക്ഷൻ ജഗ്‌ദീപ് ധൻകറിന് അയച്ച കത്തിൽ ബിജെപി എംപിമാർ ആവശ്യപ്പെട്ടു. ‘ഇത്തരം പരാമർശങ്ങൾ രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നത് മാത്രമല്ല, പാർലമെന്റ് ചട്ടങ്ങളുടെ പവിത്രത ലംഘിക്കുക കൂടിയാണ്. പാർലമെന്ററി പദവിയുടെ സവിശേഷ അധികാരം ദുർവിനിയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് അംഗങ്ങൾക്കെതിരെ മോശമായ പരാമർശം നടത്തരുതെന്നാണ് പാർലമെന്റ് ചട്ടങ്ങളിൽ പറയുന്നത്. സോണിയയുടെ പരാമർശം രാഷ്ട്രപതിക്കെതിരെയാണ്, അതും പാർലമെന്റ് വളപ്പിന് ഉള്ളിൽ വച്ച്. ആദിവാസി വിഭാഗത്തിന്റെ പ്രതിസന്ധികളെക്കുറിച്ച് ഇനിയും മനസ്സിലാക്കിയിട്ടില്ലാത്ത സോണിയയുടെ ആദിവാസി വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമായത്. വിഷയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സോണിയയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കണം’–എംപിമാർ കത്തിൽ പറയുന്നു.‘പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളർന്നു. അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം’ എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ഈ പരാമർശം പിന്നീട് വൻ വിവാദമായി. പ്രസംഗം മുഴുവൻ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രപതിയെ സോണിയ അപമാനിച്ചിട്ടില്ലെന്നും ദ്രൗപദി മുർമുവിനോട് തന്റെ മാതാവിന് ബഹുമാനം മാത്രമാണുള്ളതെന്നും വ്യക്തമാക്കി പ്രിയങ്ക ഗാന്ധി സോണിയയ്ക്ക് പ്രതിരോധവുമായി രംഗത്തെത്തുകയും ചെയ്തു.


Source link

Exit mobile version