ബാറ്റിംഗില്‍ ഇന്ത്യക്കും പണിപാളി, രാജ്‌കോട്ടില്‍ 26 റണ്‍സ് തോല്‍വി വഴങ്ങി സൂര്യയും സംഘവും

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 എന്ന സ്‌കോറില്‍ അവസാനിച്ചു. തോല്‍വി വഴങ്ങിയെങ്കിലും പരമ്പരയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നിലുള്ളത് (2-1). മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കൃത്യമായി പിടിച്ചുനിര്‍ത്താന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് പരമ്പരിയിലെ അവരുടെ ആദ്യ ജയത്തിലേക്ക് വഴിവച്ചത്. ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം.
സ്‌കോര്‍: ഇംഗ്ലണ്ട് 171-9 (20) | ഇന്ത്യ 145-9 (20)
172 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ആറ് പന്തുകള്‍ നേരിട്ട താരത്തിന് വെറും മൂന്ന് റണ്‍സ് മാത്രമേ നേടാനായുള്ളു. അഭിഷേക് ശര്‍മ്മ 24(14) ആക്രമിച്ച് കളിച്ചെങ്കിലും പെട്ടെന്ന് പുറത്തായി. പിന്നീട് നായകന്‍ സൂര്യകുമാര്‍ യാദവ് 14(7), കഴിഞ്ഞ മത്സരത്തിലെ ഹീറോ തിലക് വര്‍മ്മ 18(14) എന്നിവരും മടങ്ങി. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 40(35) ആണ് ടോപ് സ്‌കോറര്‍.
വാഷിംഗ്ടണ്‍ സുന്ദര്‍ 6(15), അക്‌സര്‍ പട്ടേല്‍ 15(16) എന്നിവര്‍ക്ക് വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തത് ഹാര്‍ദിക് പാണ്ഡ്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി. ധ്രുവ് ജൂരെലിന് രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി ജേമി ഓവര്‍ടണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദില്‍ റഷീദ് നാലോവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി ബൗളിംഗില്‍ മികവ് കാട്ടി. ജോഫ്ര ആര്‍ച്ചര്‍ക്കും ബ്രൈഡന്‍ കാഴ്‌സിനും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ആദില്‍ റഷീദിനും മാര്‍ക് വുഡിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് നല്‍കിയ വിസ്ഫോടകമായ തുടക്കം 51(28) മുതലാക്കാന്‍ മദ്ധ്യനിരയ്ക്ക് കഴിയാതെ വന്നതോടെ ഇംഗ്ലണ്ടിന്റെ ടീം ടോട്ടല്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ ഒതുങ്ങി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഇംഗ്ലീഷ് നിരയെ എറിഞ്ഞിട്ടത്. ഡക്കറ്റിന് പുറമേ ലിയാം ലിവിംഗ്സ്റ്റണ്‍ 43(24), ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 24(22) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് 5(7) പരമ്പരയില്‍ ഒരിക്കല്‍ക്കൂടി നനഞ്ഞ പടക്കമായി. രണ്ടാം വിക്കറ്റില്‍ ഡക്കറ്റ് – ബട്ലര്‍ സഖ്യം 76 റണ്‍സ് കൂട്ടുകെട്ട് സന്ദര്‍ശകരെ 83ന് ഒന്ന് എന്ന ശക്തമായ നിലയില്‍ എത്തിച്ചിരുന്നു. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ബട്ലറും ഡക്കറ്റും മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
പിന്നീട് വന്ന ഹാരി ബ്രൂക്ക് 8(10), ജേമി സ്മിത്ത് 6(4), ജേമി ഓവര്‍ടണ്‍ 0(1), ബ്രൈഡന്‍ കാഴ്സ് 3(4) എന്നിവര്‍ നിരാശപ്പെടുത്തി. ജോഫ്ര ആര്‍ച്ചര്‍ 0(1) വന്നപോലെ മടങ്ങി. ആദില്‍ റഷീദ് 10(9), മാര്‍ക് വുഡ് 10(10) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Source link